Friday, October 10, 2008

സ്ലേറ്റിന് ഒരു ചരമ ഗീതം

ഈയിടെ ഒരു ഉത്തരേന്ത്യന്‍ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചതുരാകൃതിയില്‍ മുറിച്ച സ്ലേറ്റ് പലകകള്‍ മേഞ്ഞകൊച്ചു,കൊച്ചു വീടുകള്‍ കണ്ടു. ആ കാഴ്ച എന്നെ,ചായയില്‍ മുക്കിയ കേക്ക് കഷണം പ്രൂസ്റ്റിനെ ഓര്‍മ്മകളുടേ മഹാ പ്രവാഹത്തിലേക്ക് തള്ളിയിട്ട പോലെ എന്നൊന്നും പറയാന്‍പറ്റില്ലെങ്കിലും എന്നെയും ഓര്‍മ്മകളിലൂടെ കുറേ പിന്നോട്ട് നടത്തി.കാരണം സ്ലേറ്റ് എന്ന ആ കറുത്ത കല്ല് അറിവിലേക്കും അക്ഷരങ്ങളിലേക്കും എന്നെ നയിച്ച മാന്ത്രിക ഫലകമാണ് അഛനാണ് ആദ്യമായി ഒരു സ്ലേറ്റ് എനിക്ക് സമ്മനിച്ചത്.എഴുത്തിനിരുത്തിയതിന് തൊട്ടടുത്ത ദിവസം.ഒരു ഉറച്ച കോണ്‍ഗ്രസ്സ്കാരനും(അമ്പതുകളിലെ കോണ്‍ഗ്രസ്സ്)
ഖദര്‍ധാരിയുമായ അഛന്‍ എല്ലാ കാര്യത്തിലും ഒരു ഗാന്ധിയന്‍ യുക്തിബോധവും ലാളിത്യവും പ്രടിപ്പിച്ചിരുന്നു.അതിനാലവണം നവരാത്രിക്ക് പകരം ഒരു വിഷു ദിവസമാണ് എന്നെ എഴുത്തിനിരുത്തിയത് സ്ലേറ്റിനെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്.ഒരു കൊച്ച് കറുത്ത പലക.അതിന് മുരിക്ക് പോലെ കനം കുറഞ്ഞ മരത്തിലൊരു ഫ്രെയിം.തകരച്ചീളുകളും മുള്ളാണികളുമുപയോഗിച്ച് അവ നാലു മൂലകളിലും ഉറപ്പിച്ചിരിക്കും.അതാണ് സ്ലേറ്റിന്റെചട്ട കല്ലുകൊണ്ട് നിര്‍മ്മിച്ച സ്ലേറ്റ് പെന്‍സിലുകള്‍ക്കുമുണ്ടാവും നിറമുള്ള കടലാസിനാലൊരു അലങ്കാരം.ഒരു മുക്കാലായിരുന്നു അന്ന് ഒരു പെന്‍സിലിനു വില.പിന്നീടത് അഞ്ചു പൈസ വരെയായി.ഇന്ന് കുട്ടികള്‍ക്ക് അഞ്ച് പൈസയുമറിയിയില്ല,കല്ലു പെന്‍സിലുമറിയില്ല. സ്കൂള്‍ തുറക്കുന്ന സമയത്ത് എല്ലാ സ്റ്റേഷനറിക്കടകളിലും പുത്തന്‍ സ്ലേറ്റുകളുടെ വലിയ അട്ടികള്‍ കൌതുകമുണര്‍ത്തുന്ന കാഴ്ച തന്നെയായിരുന്നുചട്ടിയില്‍ ചുണ്ണാമ്പ് കൊണ്ട് വരക്കുറിയും തൊട്ട് കുഞ്ഞിക്കൈകളേയും കാത്തിരിക്കുന്ന സുന്ദരന്മ്മാര്‍.
എല്ലാദിവസവും സ്ലേറ്റില്‍ നിറയെ എഴുതിക്കൊണ്ടുപോവണം അത് നിര്‍ബ്ബ്ന്ധമാണ് ഒരുപുറത്ത് മലയാളം പാഠാവലിയും മറുവശത്ത് ഗണിതവും.ഇരുവശവും നിറയെ എഴിതിയത് ഒരക്ഷരവും മായാതെ സ്കൂളിലെത്തിക്കുന്നതും ഒരു മിടുക്കാണ് നിരന്തര മൂല്യനിര്‍ണ്ണയം അന്നും നടന്നിരുന്നു.അതാണ് കേട്ടെഴുത്തും മനക്കണക്കും.ഈ പരിപാടികള്‍ എല്ലാ ദിവസവും കാണും.സ്ലേറ്റ്ചട്ടക്കാണ് ഇതിനിള്ള മാര്‍ക്ക് കിട്ടുന്നത്.ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സ്കോര്‍.ചോക്ക് കൊണ്ടുള്ള വെളുത്ത വരകള്‍ വൈകുന്നേരം വരെ മായാതെ സൂക്ഷിക്കണം.അഛനേയും അമ്മയേയും കാണിക്കണം.മാര്‍ക്ക് കുറഞ്ഞ ചില കുറുമ്പന്മാര്‍ അധികം കിട്ടിയവരുടെ ചട്ടകളിലെ വരകള്‍ മായ്ച് കളയും അവരേയും സൂക്ഷിക്കണം.
സൂക്ഷ്മതയുടെ ഒരു പാഠവും കൂടി സ്ലേറ്റുകള്‍ നല്‍കിയിരുന്നു ശ്രദ്ധിച്ച് കൈകാര്യം ചേയ്തില്ലെങ്കില്‍ എളുപ്പം ഉടഞ്ഞു പോവും.ഇന്നത്തെപ്പോലെ കുട്ടികള്‍ക്ക് വലിയ പ്രാധാന്യമൊന്നും അന്ന് വീടുകളിലില്ലായിരുന്നു.അതിനാല്‍ ഒരു സ്ലേറ്റ് പൊട്ടിയാല്‍ മറ്റൊന്ന് കിട്ടുക അത്ര എളുപ്പമല്ല.മൂല പോയതും നെടുകെയും കുറുകെയും വര വീണതും പാതിയുടഞ്ഞതും....അങ്ങനെ പലതരം സ്ലേറ്റുകള്‍ ക്ലാസ്സില്‍ സുലഭം.പെന്‍സിലിനും അതേ ഗതി തന്നെ,തേഞ്ഞ് കുറ്റിയാവുന്നത് വരെ എഴുതണം.അങ്ങനെ സ്ലേറ്റ് ഞങ്ങളെ മിതവ്യയവും സൂക്ഷ്മതയുമെല്ലാം പഠിപ്പിച്ചു. വിരോധമുള്ളവന് തലയില്‍ ചട്ടവച്ച് കിഴുക്കാം .കൂട്ടുകാരന് അല്‍പ്പം ചെരിച്ച് പിടിച്ചാല്‍ കണക്കിന്റെ ഉത്തരം കാണിച്ചു കൊടുക്കാം.അങ്ങനെ ഞങ്ങളുടെ തലമുറ സ്നേഹവും വൈരാഗ്യവുമെല്ലാം സ്ലേറ്റിലൂടെ പങ്കു വച്ചു.
കവിതയും കണക്കും ചരിത്രവും ചിത്രകലയുമെല്ലാം സ്ലേറ്റിലൂടെ പഠിച്ചു.തുലാവര്‍ഷകാലത്ത് വൈകുന്നേരങ്ങളില്‍ സ്ലേറ്റ് ചിലപ്പോള്‍ കുടയായും മാറി. കാലം മാറി പ്ലാസ്റ്റിക് സ്ലേറ്റുകള്‍ വന്നപ്പോള്‍ കല്ല് സ്ലേറ്റ് ആര്‍ക്കും വേണ്ടാതായി.എല്‍.കെ.ജി. മുതല്‍ നോട്ടുപുസ്തകത്തിലെഴുതുന്ന കുട്ടികള്‍ക്ക് സ്ലേറ്റ് വെറുമൊരു കളിക്കോപ്പ് മാത്രം
പാഠ്യപദ്ധതികള്‍ പിന്നെയും പലവട്ടം മാറി.ഇന്ന് എല്ലാ പഠനവും പ്രശ്നാധിഷ്ഠിതമാണ്. കേരള സമൂഹം നേരിടുന്ന എട്ടു പ്രധാന പ്രശ്നങ്ങളും പേറി ഒരു അഷ്ടാവക്രനായി നില്‍ക്കുകയാണ് സ്കൂള്‍ കരിക്കുലം,അതില്‍ ഏറ്റവും പ്രധാനമാണ് പാരിസ്ഥിതികസൌഹൃദം.എന്നിട്ടും നമ്മള്‍ സ്ലേറ്റിനെ പടിക്ക് പുറത്താക്കിയിരിക്കുന്നു. ഈയിടെ ഒരു ദിവസം ഗൃഹാതുരത്വം നല്‍കിയ ഊര്‍ജ്ജവുമായി ഞങ്ങളുടെ പട്ടണത്തിലെ പല കടകളിലും ഒരു സ്ലേറ്റ് തേടി നടന്നു.എല്ലയിടത്തുമുണ്ടായിരുന്നു,കടലാസ് പോലെ കനം കുറഞ്ഞ സെല്ലോഫേന്‍ പൊതിഞ്ഞ ആ കറുത്ത വസ്തു.ഇതല്ലല്ലോ ഞാന്‍ തേടിയത്.ഇതുപയോഗിച്ച് ചെങ്ങാതിയുടെ തലയ്ക്ക് കിഴുക്കാന്‍ പറ്റുമോ?മഴയത്ത് ചൂടാന്‍ പറ്റുമോ?
ആരാണ് എനിക്ക് തരിക,മുള്ളാണിയിട്ടുറപ്പിച്ച മരച്ചട്ടയുള്ളൊരു കൊച്ച് സ്ലേറ്റ്?പിന്നെ ഇല മുളച്ചിയുടെ ഒരു കൊച്ചിലയും. ഞാനത് ചെടിച്ചട്ടിയില്‍ വളര്‍ത്തിക്കൊള്ളാം

5 comments:

Rare Rose said...

ഒരു കൊച്ചു സ്ലേറ്റിനു പറയാന്‍ ഇങ്ങനെയെത്രയെത്ര ഓര്‍മ്മകള്‍...ഞാന്‍ പഠിക്കുമ്പോള്‍ മരച്ചട്ടയുള്ള കൊച്ചു സ്ലേറ്റും ,അബാക്കസ് മുത്തുമണികള്‍ കോര്‍ത്ത വേറൊരു സ്ലേറ്റും ആണുണ്ടായിരുന്നതു..ചിലതെല്ലാം മാഞ്ഞുപോകുമ്പോള്‍ തോന്നുന്ന വിഷമം നന്നായി പകര്‍ത്തിയിരിക്കുന്നു ടീച്ചര്‍...നന്ദി ഒന്നാം ക്ലാസ്സിലെ ആ കാലം വീണുമോര്‍പ്പിച്ചതിനു...

റോഷ്|RosH said...

നല്ല പോസ്റ്റ്

സ്ലേറ്റ് കളുടെയും, കുട്ടിക്കാലത്തിന്റെയും

ഓര്‍മകളിലേക്ക് അല്‍പനേരമെങ്കിലും തിരിച്ചു കൊണ്ടുപോയതിനു നന്ദി..

ബാബുരാജ് said...

ടീച്ചര്‍,
ഒരിക്കല്‍ കൂടി ബാല്യത്തിലേക്ക്‌ നയിച്ചതിന്‌ നന്ദി. വര്‍ണ്ണക്കടലാസിന്റെ അലങ്കാരമുള്ള ചോക്ക്‌ കല്ലുപെന്‍സില്‍ അഞ്ച്‌ പൈസക്ക്‌ വാങ്ങിയിരുന്നത്‌ മറന്നിട്ടില്ല. വില കൂടിയ, നീലനിറത്തില്‍ വിമാനത്തിന്റെ ആകൃതിയില്‍ ഒരു തരം പെന്‍സില്‍ ഉണ്ടായിരുന്നതും ഓര്‍ക്കുന്നു. അതിന്റെ കഷണങ്ങളേ കണ്ടിട്ടുള്ളൂ.

Jayasree Lakshmy Kumar said...

സ്ലേറ്റ്, അന്യം നിന്നു പോയ ഒരു വസ്തു. അതിനെ കുറിച്ച് എത്ര ഗൃഹാതുര ഓർമ്മകളാണല്ലേ!!

പണ്ട് പുതിയ സ്ലേറ്റ് കിട്ടുമ്പോൾ അതിൽ എഴുതാൻ എന്തൊരാവേശമായിരുന്നോ! ചിത്രം വരയുടെ ആദ്യകാലങ്ങളിലും സ്ലേറ്റായിരുന്നു കൂട്ടിന്. പറമ്പിലെല്ലാം തേടി നടന്ന് കിട്ടിയ മഷിത്തണ്ടുകളൂമൊക്കെയായായിരുന്നു അന്ന് സ്കൂളിൽ പോക്ക്

ഒരുപാടു നല്ല കാര്യങ്ങൾ ഓർമ്മിപ്പിച്ചു ഈ പോസ്റ്റ്

Zebu Bull::മാണിക്കൻ said...

കല്ലുസ്ലേറ്റല്ലാത്ത, പിടിയുള്ള, പ്ലാസ്റ്റിക് ചട്ടമുള്ള സ്ലേറ്റ് വന്നു തുടങ്ങിയകാലത്താണ്‌ ഞാന്‍ ഒന്നാംക്ലാസ്സില്‍ പഠിച്ചത്. അന്നൊക്കെ കല്ലുസ്ലേറ്റിനോട് എല്ലാവര്‍‌ക്കും പുച്ഛം വന്നുതുടങ്ങിയിരുന്നു.
കല്ലുപെന്‍സില്‍, കന്യാകുമാരിപ്പെന്‍സില്‍, മുമ്പുണ്ടായിരുന്ന കമന്റിലെ വിമാനപ്പെന്‍‌സില്‍ എല്ലാം ഓര്‍‌ക്കുന്നു. പിന്നെ ഓര്‍‌ക്കുന്ന ഒരുകാര്യം ഉടമസ്ഥന്റെ കടിയേറ്റ് വിരൂപമായിരുന്ന പല സ്ലേറ്റുചട്ടങ്ങളാണ്‌ :-)