Monday, March 9, 2009

യമുനേ ഇനിയുമൊഴുകൂ....

ജനുവരിയിലെ മൂടല്‍മഞ്ഞിനെ മൂടുപടമാക്കി ഡല്‍ഹി ഞങ്ങളെ കാത്തിരിക്കുന്നു..........
ഡല്‍ഹി യാത്ര ഒരു ചിരകാലസ്വപ്നമാണ്.അധികാര ദുര്‍ഗ്ഗങ്ങളുടെ ഡല്‍ഹി.യുദ്ധകാണ്ഡങ്ങളുടെയും പടയോട്ടങ്ങളുടേയും അവകാശത്തര്‍ക്കങ്ങളുടേയും ജരബാധിതരുടെ കസേരകളികളുടെയും കഥകള്‍ പറയുന്നഡല്‍ഹി.പ്രവാസികളുടെ വിലാപമേറ്റുവാങ്ങിയ ഡല്‍ഹി.പ്രവാസികളെ അധികാര കൊത്തളങ്ങളില്‍ അവരോധിച്ച ഡല്‍ഹി.ഹേ റാം മന്ത്രത്തിന്റെ കമ്പനങ്ങളിപ്പോഴും സൂക്ഷിക്കുന്ന ഡല്‍ഹി.നഗരത്തിരക്കിലും പച്ചപ്പ് സൂക്ഷിക്കുന്ന ഡല്‍ഹി.സന്ദര്‍ശകരുടെ നിത്യവിസ്മയമായ ഡല്‍ഹി.
ചരിത്ര പഥങ്ങളിലൂടെ നടന്ന ഡല്‍ഹി.ഡല്‍ഹിയുടെ ഓര്‍മ്മകള്‍ ഇന്ത്യയുടെ ചരിത്രമാവുന്നു.ഡല്‍ഹിയുടെ സ്വപ്നങ്ങള്‍ ഇന്ത്യയുടെ ഭാവിയും.
ഞങ്ങളുടെ ആതിഥേയന്‍ നിസാമുദ്ദീനില്‍ കാത്തു നിന്നിരുന്നു.നിയമ സര്‍വകലാശാലയിലേ പ്രൊഫസറാണയാള്‍.പ്ലാറ്റിഫോമില്‍ നിന്നും പുറത്തേക്ക്, കാര്‍ പാര്‍ക്കിനടുത്തേക്ക് നടക്കുമ്പോള്‍ അയാള്‍ ഓര്‍മിപ്പിച്ചു; വൃത്തികേടുകള്‍ കാണും .ശ്രദ്ധിക്കണം.
അയാള്‍ ഉദ്ദേശിച്ച വൃത്തികേട് മനുഷ്യരുടെ വിസര്‍ജ്ജ്യമാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അമ്പരപ്പോടെ ചുറ്റും നോക്കി,തിരിച്ചറിഞ്ഞു.ഹസ്രത് നിസാമുദ്ദിന്‍ പുതച്ചിരിക്കുന്നത് ഇന്ത്യന്‍ ബഹുസ്വരതയുടെ വര്‍ണ്ണ കംബളങ്ങളല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ കീറക്കമ്പിളിക്കഷണങ്ങളാണ്.
“ടീച്ചറുടെ റൊമാന്റിക് ഭാവനയുമായി ഇവിടെ യമുനയെ നോക്കരുത് ......ഞങ്ങളുടെ ആതിഥേയന്‍ മുന്‍പേ ജാമ്യമെടുത്തിരുന്നു.കറുത്തു,മെലിഞ്ഞ് വിരൂപയായ യമുനയും കരയില്‍ തകരവും കടലാസും മേഞ്ഞ കുടിലുകളിലെ മനുഷ്യരും........കോമണ്‍ വെല്‍ത്ത് ഗെയിംസ് വില്ലേജ് ഉയരുമ്പോള്‍ അവള്‍ സ്വയം അദൃശ്യയാവുമെന്ന് തോന്നുന്നു.
യമുനേ നീയൊഴുകൂ,,,,,ഈ ആത്മാവില്‍ ...അനന്തതയില്‍ നിന്നും അനന്തതയിലേക്ക്.

Friday, February 27, 2009

കമ്മ്യൂണിസ്റ്റ് നിരാശകള്‍

നവകേരള മാര്‍ച്ച് തെക്കേഅറ്റത്തെത്തുമ്പോള്‍ എന്തെങ്കിലും വലിയത് സംഭവിക്കുമെന്ന് കരുതിയിരുന്നവരെല്ലാം നിരാശപ്പെട്ടിരിക്കുകയാണല്ലോ.ഈ തിരക്കിനിടയില്‍ സി.പി.യെം ആര്‍ഭാടപൂര്‍ണ്ണമായ ഈ ജാഥയിലൂടെ മറ്റൊരു കോണ്‍ഗ്രസ്സായി മാറിയ കാര്യം ആരും വിളിച്ചു പറയാത്തതെന്താണ്?പാര്‍ട്ടിയെ നശിപ്പിക്കാന്‍ സാമ്രാജ്യ ശക്തികളോട് അച്ചാരം വാങ്ങിയല്ല ഇതെഴുതുന്നത്.രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ഒരാളില്ലല്ലോ എന്ന വേദനയില്‍ നിന്നാണ്.ഈ കാണിച്ചുകൂട്ടിയ ആര്‍ഭാടമെല്ലാം ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് ചേര്‍ന്നതാണോ? ഈഅലങ്കാരങ്ങളും ആര്‍ഭാടങ്ങളും പത്ത് വോട്ടെങ്കിലും അധികം വാങ്ങിത്തരുമെന്ന് ഈ നേതാക്കള്‍ വിശ്വസിക്കുന്നോ?.എ കെ ജി നടത്തിയ യാതനാപൂര്‍ണ്ണമായ യാത്രകളൊരു തലമുറയുടെ മനസ്സില്‍ ഇന്നും സജീവമാണെന്ന് ദയവായി ഓര്‍ക്കുക.
ഏറ്റവും സങ്കടം തോന്നിയത് ചില നേതാക്കന്മാരുടെ വാക് പ്രയോഗങ്ങള്‍ കേട്ടപ്പോഴാണ്. തങ്ങള്‍ക്കെതിരെ എഴുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ നരകത്തില്‍ പോവുമെന്ന് സുധാകരസൂക്തം.കോണ്‍ഗ്രസ്സ്കാര്‍ക്ക് ലീഡറുടെ ശാപം കിട്ടുമെന്ന് ജയരാജവാക്യം.എല്ലാം കേട്ടപ്പോളീയുള്ളവള്‍ക്ക് ഒരു ചെറിയ സംശയം എന്ന് മുതലാണ് കമ്മ്യൂണിസ്റ്റ്കാര്‍ സ്വര്‍ഗ്ഗനരകങ്ങളിലും ശാപത്തിലുമൊക്കെ വിശ്വസിക്കാന്‍ തുടങ്ങിയത്? വിശക്കുന്നവനോട് ഇത് നിന്‍ തലവിധിയെന്ന് പറയുന്ന നേതാവിനേയും നമുക്ക് കാണേണ്ടിവരുമോ?
ഒരു മന്ത്രിപുത്രനെപ്പറ്റി ആരോപണം വന്നപ്പോള്‍ ശുദ്ധ അസംബന്ധമെന്ന് എത്ര വേഗമാണ് വലിയ നേതാവ് പ്രതികരിച്ചത്.അന്വേഷിക്കാമെന്ന് പറയാന്‍ തോന്നതിരുന്നതെന്താണ്?ഞാനും അനുയായിവൃന്ദവും പ്രമാദങ്ങള്‍ക്ക് അതീതരാണെന്ന തോന്നല്‍.....ദുര്യോധനന്‍ നടത്തിയ ഇന്ദ്രപ്രസ്ഥയാത്ര കുഞ്ചന്‍ നമ്പ്യാര്‍ വര്‍ണ്ണിച്ചത് ഓര്‍മ്മ വരുന്നു...........ദയവ് ചെയ്ത് പൊറുക്കുക

Wednesday, February 25, 2009

അക്ഷരങ്ങളിലേക്ക് ഒരു മടക്കയാത്ര

സ്വയം നിര്‍മിച്ച മൌനവല്‍മീകത്തെ ഞാന്‍ തന്നെ തട്ടിയുടക്കട്ടെ.....പോയ നവംബര്‍ തീവ്രമായ നഷ്ടമാണ് നല്‍കിയത്.പുസ്തകങ്ങളുടെ വിസ്മയലോകം തുറന്നു തന്ന പ്രിയപ്പെട്ട അമ്മാവന്‍ ശിശിരത്തിലെ ഇല കൊഴിയുന്നതു പോലെ യാത്ര പറയാതെ അനന്തതയിലേക്ക് നടന്നു മറഞ്ഞു.....ആ വേദനയുടെ കയത്തില്‍ അക്ഷരങ്ങള്‍ പോലും തുണയില്ലാതായി. മൃത്യുവിന്‍ മുന്നില്‍ നമ്മളെത്ര നിസ്സഹായരെന്ന് പകച്ചിരുന്ന ദിവസങ്ങള്‍. പിന്നെ ഒരു ദീര്‍ഘയാത്ര.തെക്കെ അറ്റം മുതല്‍ ഹിമാലയം വരെ.......മഞ്ഞു പെയ്യും ജനുവരിയില്‍ ഒരു ഭാരത പര്യടനം.
ഉത്തരേന്ത്യന്‍ സമതലത്തിലെ മനോഹരമായ അസ്തമയങ്ങള്‍.അസ്തമയത്തെ എന്നും കടലുമായി ബന്ധപ്പെടുത്തിക്കാണുന്ന നമുക്ക് അതൊരു വിസ്മയക്കാഴ്ച്ച തന്നെ.അസ്തമയക്കടലിന്നകലെ .....എന്നും പടിഞ്ഞാറെക്കടലിലെ പനനീര്‍പ്പൂച്ചാമ്പക്കയെന്നും ഹിന്ദിക്കവികള്‍ എഴുതുകയില്ലെന്ന് മാത്രം.
വിന്ധ്യന് വടക്ക് ഭാരതത്തിന്‍ വിശാലമുഖം.കടലിനും മലകള്‍ക്കുമിടയിലെ ചറിയ ലോകത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഒരിക്കലും ഉള്‍ക്കൊള്ളനാവാതിരുന്ന വിശാലതയാണത്.നമ്മുടെ സാഹിത്യത്തിലും കലയിലുമുള്ള വിശാലദര്‍ശനത്തിന്റെ അഭാവത്തിനു കാരണവും ഈ ചെറിയ ലോകത്തിലെ ജീവിതമാവാം.ഭാരതത്തെ മുഴുവന്‍ ഒന്നായി ദര്‍ശിച്ച ആദിശങ്കരനെപ്പോലും ഒരു ഹിന്ദു സന്യാസിയാക്കിച്ചെറുതാക്കിയവരല്ലേ നമ്മള്‍?....ഇപ്പോഴത്തെ സ്ഥിതി തന്നെ നോക്കൂ.നമ്മുടെ നല്ല എഴുത്തുകാരില്‍ അധികം പേരും സഹ്യന് പുറത്ത് ജീവിച്ചവരല്ലേ?വിജയന്‍ ,മുകുന്ദന്‍ ,ആനന്ദ് ,എം പി നാരയണപ്പിള്ള, ബഷീര്‍ ,മാധവിക്കുട്ടി.....ഒരു തമാശ പോലെ ആലോചിച്ചു പോവുകയാണ്,എം ടി കുറേക്കാലം കേരളത്തിനു പുറത്ത് ജീവിച്ചിരുന്നെങ്കിലെന്ന്.എങ്കില്‍ ആ കൃതികള്‍ക്ക് കുറേക്കൂടീ ആഴം ലഭിക്കുമായിരുന്നു.

Sunday, November 2, 2008

ആകാശമില്ലാത്ത പറവകള്‍

ആകാശമില്ലാത്ത പറവകള്‍ വേപ്പുമരത്തെക്കുറിച്ചു പറയുമ്പോഴെല്ലാം അമ്മയുടെ കണ്ണുകളില്‍ ഒരു ഗ്രാമം പ്രകാശിച്ചു നില്‍ക്കുമായിരുന്നു .താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഗ്രാമം.അവിടെ നടവഴികള്‍ക്കിരുവശവും തഴച്ചു വളര്‍ന്ന വേപ്പ് മരങ്ങള്‍.അവയ്ക്കു ചുവട്ടില്‍ മാ‍വിലത്തോരണങ്ങള്‍ക്കിടയില്‍ മഞ്ഞള്‍ പൂശിയിരിക്കുന്ന അമ്മ ദൈവങ്ങള്‍. “എല്ലാം തന്നതവരാണ്”.അമ്മ പറയും“ഈ ശരീരോം ഈജീവനും” ഒടുവില്‍ ഒരു കുസൃതിയോടെ അഛനെ നോക്കിക്കൊണ്ട് അമ്മ പറയും “പിന്നെ നിന്റെ അഛനേയും” അമ്മ അത് പറയുമ്പോള്‍ അഛന്റെ കണ്ണുകളിലും പൂത്തിരികള്‍ തെളിയും.അതുകൊണ്ടാണ് ടീച്ചര്‍ ഏത് മരം വേണമെന്ന് ചോദിച്ചപ്പോള്‍ വേപ്പ് എന്ന് വേഗം ഉതരം പറയാന്‍ അവന് കഴിഞ്ഞത്. രാമു എന്ന പേരിന് നേരെ ടീച്ചര്‍ വേപ്പ് എന്ന് മനോഹരമായ കൈയക്ഷരത്തില്‍ എഴുതിയത് കണ്ടപ്പോള്‍ അവന് സമാധാനമായി .അവധി കഴിഞ്ഞ് വരുമ്പോള്‍ എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ തരും.ടീ‍ച്ചര്‍ ഉറപ്പ് നല്‍കി. നല്ല മഴയുള്ള ഒരു ദിവസമാണ് സ്കൂള്‍ തുറന്നത്.അവധി തീരുന്ന കാര്യം മഴ ഇത്ര കൃത്യമായി അറിയുന്നതെങ്ങിനെയാണവോ?രാമു അത്ഭുതപ്പെട്ടു.പുതിയ ഉടുപ്പും പുസ്തകവുമെല്ലാം നനയും.എന്നാലും അവന് മഴയോട്ദ്വേഷ്യമൊന്നും തോന്നിയില്ല.അവന്റെ മരം വളരാന്‍ മഴ വേണ്ടേ? ശ്രദ്ധിച്ച് വളര്‍ത്തണം.തൈകള്‍ വിതരണം ചെയ്യാന്‍ വന്ന മന്ത്രി കുട്ടികളോട് പറഞ്ഞു.മരം വളരുമ്പോള്‍ പക്ഷികള്‍ അതില്‍ ചേക്കേറാന്‍ വരും.അതങ്ങനെ ഒരു ലോകമായി മാറും.ഒരു മരം വളര്‍ത്തുമ്പോള്‍ നിങ്ങളൊരു ലോകത്തെയാണ്വളര്‍ത്തുന്നത്. അതെനിക്കറിയാം.തനിക്ക് കിട്ടിയ വേപ്പിന്‍ തൈ മാറോടണച്ചു കൊണ്ട് രാമു സ്വയം പറഞ്ഞു.ഇതെന്റെ അമ്മയുടെ സ്വപ്നങ്ങളിലെവിടേയോ ബാക്കിയുള്ള ഒരു ലോകമാണ്. മുറ്റത്തോട് ചേര്‍ന്ന് ഒരു കുഴിയെടുത്ത് രാമു വേപ്പിന്തൈ നട്ടു. “അതാണ് നല്ല സ്ഥലം” അമ്മ പറഞ്ഞു.”വേപ്പിന്റെ ഇലകളില്‍ തട്ടി വരുന്ന കാറ്റ് തട്ടിയാല്‍ ഒരു സൂക്കേടും വരില്ല.എല്ലാ ദിവസവും രാവിലെ രാമു അതിനെ ചെന്നു നോക്കും;മഴയാണെങ്കിലും ഒരു തുള്ളി വെള്ളം കുഞ്ഞിലകളിലേക്ക് കുടഞ്ഞ് തെറിപ്പിക്കും.താനിവിടെയുണ്ടെന്നതിനോട് പറയുന്നത് പോലെ. വേപ്പിന്‍ പുതിയ ഇല വിരിഞ്ഞ ദിവസം അവന്‍ ഡയറിയിലെഴുതി “അവന്‍ എന്നെ നോക്കി ചിരിക്കുന്നു” കര്‍ക്കിടകം കറുത്ത് നിന്ന ദിവസങ്ങളില്‍ അവന്‍ വേപ്പ്മരത്തോട് സ്വകാര്യം പറഞ്ഞു. പേടിക്കേണ്ട കേട്ടൊ;ഈ മഴ വേഗം മാറും.പിന്നെ വെയിള്‍ വരും .ഓണം വരും അപ്പോള്‍ നമുക്കൊരുമിച്ച് പൂക്കളം ഒരുക്കമല്ലൊ.കാര്യം മനസ്സിലായതു പോലെ വേപ്പ് നനഞ്ഞ ചില്ലകളാട്ടി സമ്മതമറിയിച്ചു. മഴക്കാലം കഴിയ്മ്പോഴേക്കും ആ വേപ്പ് ചെടി അവന്റെ മുട്ടോളം വളര്‍ന്നിരുന്നു. “അവന്‍ ഒരു സുന്ദരനാണ്”.രാമു ഡയറിയിലെഴുതി. “ഇലകള്‍ക്ക് തിളങ്ങുന്ന പച്ച നിറം.മെലിഞ്ഞതെങ്കിലും കരുത്തുള്ള ഉടല്‍.ഒരു ദിവസം ഇവന്‍ ഈ വീടിനോളം വലുതാവും.അന്ന് ആ തണല്‍ നല്‍കുന്ന തണുപ്പില്‍ എന്റെ ഉച്ചകള്‍സ്വപ്നങ്ങള്‍ കൊണ്ട് നിറയും” മഴക്കാലത്തിനു യാത്രയയപ്പ് നല്‍കാന്‍ മഞ്ഞിന്‍ പാളികള്‍ ആട്ടിന്‍പറ്റങ്ങളെപ്പോലെ ചക്രവാളമിറങ്ങി വന്നു.രാമു മുടങ്ങാതെ വേപ്പിന് വെള്ളം കോരി. വേനല്‍ തുടങ്ങിയപ്പോള്‍ രണ്ട്മൂന്നിലകള്‍ കൊഴിഞ്ഞു,പകരം ഒരു പാട് പുതിയ ഇലകള്‍വന്നു.രാമുവിന് സന്തോഷമായി. പക്ഷേ ആ ചെറിയ കോളനിയിലെ കൊച്ചു മനുഷ്യരുടെ ജീവിതത്തിന് മുകളിലേക്ക് ഒരു നിഴല്‍ വളരാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു.അഛനും അയല്‍ക്കാരും ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ആദ്യമൊന്നും രാമുവിന് മനസ്സിലായില്ല. ഒടുവില്‍ അമ്മയാണ്‍ അവനോടത് പറഞ്ഞത്. “നമുക്കീ വീടൊഴിഞ്ഞ് പോവേണ്ടി വരും മോനേ” പോവ്വേ? നമ്മളെങ്ങോട്ട് പോവും അമ്മേ? അതമ്മക്കുമറിയില്ല. അതേ ചോദ്യം അമ്മ അയല്‍ക്കാരോട് ചോദിച്ചു.അവര്‍ക്കുമറിയില്ല പക്ഷേ പോവേണ്ടി വരുമെന്ന കാര്യം എല്ലവര്‍ക്കും തീര്‍ച്ചയായിരുന്നു.കടലിനക്കരെ നിന്നും വലിയ കമ്പനിക്കാര്‍ വരുന്നു അവരിവിടെ വ്യവസായം തുടങ്ങും.ഒരു വ്യവസ്ഥ മാത്രം.കമ്പനിക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ കൊടുക്കണം.അവിടേക്ക് റോഡുണ്ടാക്കാനും സ്ഥലം വേണം അതിനാണ് ഇപ്പോള്‍ കോളനിയിലുള്ളവരേ ഒഴിപ്പിക്കുന്നത്. വലിയ കമ്പനി വന്നാല്‍ നമുക്കൊക്കെ അവിടെ ജോലി കിട്ടുമോ?അഛന്‍ ആരോടൊക്കേയോ ചോദിച്ചു. അതിന് വലിയ പഠിത്തം വേണം.അങ്ങനെയാണത്രെ ആളുകള്‍ പറയുന്നത്. “നമുക്ക് ഭൂമി തരുമായിരിക്കും”അഛന്‍ അമ്മയെ ആശ്വസിപ്പിച്ചു. “എവിടായിരിക്കും”?അമ്മചോദിച്ചു.“അതറിയില്ല”അഛന്‍ നിസ്സംഗനായി മറുപടി നല്‍കി. “ചിലപ്പോള്‍ കടപ്പുറത്തായിരിക്കും” അതു കേട്ടപ്പോള്‍ രാമുവിന് പരിഭ്രമമായി.കടക്കരയിലെ ഉപ്പു കാറ്റ് ആ വേപ്പ് മരത്തെ കൊന്ന് കളഞ്ഞാലോ? നീ പേടീക്കേണ്ട .രാമു അതിനോട് പറഞ്ഞു.എവിടേയോ ജനിച്ച നീ ഇവിടെ എത്തിയില്ലേ.ഇനി നമ്മള്‍ ഒരു പുതിയ വീട്ടിലേക്ക് പോവും അവിടേയും ഞാന്‍ നിന്നെ പൊന്ന് പോലെ നോക്കും. ദിവസങ്ങള്‍ കടന്ന് പോയി; കാര്യങ്ങള്‍ ഒരു തീരുമാനത്തിലും എത്തിയില്ല.എല്ലാവര്‍ക്കും ആധിയും സംശയങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഒരു ദിവസം കോട്ടും സൂട്ടുമിട്ട ഉദ്യോഗസ്ഥ്ന്മാര്‍ കോളനിയിലെത്തി. സ്വന്തം പേരില്‍ ഭൂമിയുള്ളവര്‍ക്കെല്ലാം നാളെ പുതിയ സ്ഥലം കിട്ടും. അവര്‍ അറിയിച്ചു. അഛന്‍ വച്ചു നീട്ടിയ കടലാസുകള്‍ നോക്കി അവരിലൊരാള്‍ ലേശം പരിഹാസത്തോടെ പറഞ്ഞു.“ ഈ ഭൂമി നിങ്ങളുടേതാണെന്ന് ആര് പറഞ്ഞു?ഇത് സര്‍ക്കാര്‍ ഭൂമിയാണ്”. തലയില്‍ ഇടി വീണതു പോലെ അഛന്‍ മണ്ണില്‍ തളര്‍ന്നിരുന്നു. “അപ്പോള്‍ ഞങ്ങള്‍ക്ക്.....”അഛന്‍ വിറക്കുന്ന സ്വരത്തിലാണ് ചോദിച്ചത്. ഇല്ല;നിങ്ങള്‍ക്ക് ഭൂമി കിട്ടില്ല. അയാള്‍ തീര്‍ത്തു പറഞ്ഞു.ഈ വീടിന് ഞങ്ങളൊരു വില നിശ്ചയിക്കും.അത് വാങ്ങി നിങ്ങള്‍ ഇവിടെ നിന്നൊഴിയണം. “ഇല്ലെങ്കില്‍.....”അഛന്‍ അത് ചോദിച്ചത് വല്ലതെ കനത്ത സ്വരത്തിലായിരുന്നു. ഒഴിഞ്ഞില്ലെങ്കില്‍ അവര്‍ ഒഴിപ്പിക്കും.റോഡിനപ്പുറം നില്‍ക്കുന്ന പോലീസുകാരെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. “ഇല്ലാ;പകരം ഭൂമി കിട്ടാതെ ആര് വന്നാലും ഞങ്ങള്‍ ഒഴിഞ്ഞു തരില്ല.” അഛന്‍ കാലടികള്‍ അമര്‍ത്തിച്ചവിട്ടി വരാന്തയിലേക്ക് നടന്നു കയറി. അമ്മയും രാമുവും അദ്ദേഹത്തെ പിന്തുടര്‍ന്നു. രാമു അഛന്റെ കണ്ണുകളിലേക്ക് നോക്കി.അവിടെ കനലെരിയുന്നതവന്‍ കണ്ടു. “അഛാ”അവന്‍ പതുക്കെ വിളിച്ചു. “ഈ ഭൂമി സര്‍ക്കാറിന്റേത് ആണെങ്കില്‍ നമ്മുടീതും കൂടിയല്ലേ.സര്‍ക്കാര്‍ നമ്മുടേത് ആണെന്ന് ഞ്ങ്ങടെ ടീച്ചര്‍ പറയാറുണ്ടല്ലൊ” അഛന്‍ അവനെ ചേര്‍ത്തു പിടിച്ചു.വിറക്കുന്ന ചുണ്ടുകള്‍ കൊണ്ട് മൂര്‍ധാവില്‍ ഉമ്മ വച്ചു. “നമുക്ക് ഒന്നുമില്ലെടാ മോനേ,ഒന്നുമില്ല.ഭൂമീമില്ല ആകാശോം ഇല്ല.” നമുക്ക് തിരിച്ചു പോവാം.അമ്മ പറഞ്ഞു.നമ്മടെ നാട്ടിലേക്ക്. “ഇല്ല അഛന്‍ തീര്‍ത്തു പറഞ്ഞു.അവിടെയും നമുക്കൊരു പിടി മണ്ണില്ലല്ലോ,സ്വന്തമെന്നു കരുതിയ ഈമണ്ണില്‍ കിടന്ന് നമുക്ക് ചാവാം” രാമു മുറ്റത്തിറങ്ങി.സാവധാനം വേപ്പിന്‍ തൈ പറിച്ച് കുപ്പയത്തിനുള്ളില്‍ നെഞ്ചോട് ചേര്‍ത്ത് വച്ചു.ഇല്ല നിന്നെ ഞാനാര്‍ക്കും കൊടുക്കില്ല.സര്‍ക്കാരിനും,കമ്പനിക്കാര്‍ക്കും ആര്‍ക്കും കൊടുക്കില്ല. നിനച്ചിരിക്കാത്ത നേരത്താണ് യന്ത്രങ്ങള്‍ വീട്ടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.നീളന്‍ കഴുത്തുകളുള്ള ലോഹ വ്യാളികള്‍. അവര്‍ ചുമരില്‍ ആഞ്ഞു കുത്തിയപ്പോള്‍ ഉത്തരവും ഓടുകളും ഉതിര്‍ന്നു വീണു.അമ്മ ഉറക്കെ നിലവിളിച്ചു. നെഞ്ചോട് ചേര്‍ന്നിരുന്ന വേപ്പിന്‍ തൈ രാമുവിനോട് ദയനീയമായി ചോദിച്ചു.ഇനി ഞാന്‍ എവീ‍ടെ വളരും? അകലെയിരുന്ന് ഭരണാധികാരി പറഞ്ഞു. വികസനം വരാന്‍ എല്ലാവരും ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും.

Friday, October 10, 2008

സ്ലേറ്റിന് ഒരു ചരമ ഗീതം

ഈയിടെ ഒരു ഉത്തരേന്ത്യന്‍ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചതുരാകൃതിയില്‍ മുറിച്ച സ്ലേറ്റ് പലകകള്‍ മേഞ്ഞകൊച്ചു,കൊച്ചു വീടുകള്‍ കണ്ടു. ആ കാഴ്ച എന്നെ,ചായയില്‍ മുക്കിയ കേക്ക് കഷണം പ്രൂസ്റ്റിനെ ഓര്‍മ്മകളുടേ മഹാ പ്രവാഹത്തിലേക്ക് തള്ളിയിട്ട പോലെ എന്നൊന്നും പറയാന്‍പറ്റില്ലെങ്കിലും എന്നെയും ഓര്‍മ്മകളിലൂടെ കുറേ പിന്നോട്ട് നടത്തി.കാരണം സ്ലേറ്റ് എന്ന ആ കറുത്ത കല്ല് അറിവിലേക്കും അക്ഷരങ്ങളിലേക്കും എന്നെ നയിച്ച മാന്ത്രിക ഫലകമാണ് അഛനാണ് ആദ്യമായി ഒരു സ്ലേറ്റ് എനിക്ക് സമ്മനിച്ചത്.എഴുത്തിനിരുത്തിയതിന് തൊട്ടടുത്ത ദിവസം.ഒരു ഉറച്ച കോണ്‍ഗ്രസ്സ്കാരനും(അമ്പതുകളിലെ കോണ്‍ഗ്രസ്സ്)
ഖദര്‍ധാരിയുമായ അഛന്‍ എല്ലാ കാര്യത്തിലും ഒരു ഗാന്ധിയന്‍ യുക്തിബോധവും ലാളിത്യവും പ്രടിപ്പിച്ചിരുന്നു.അതിനാലവണം നവരാത്രിക്ക് പകരം ഒരു വിഷു ദിവസമാണ് എന്നെ എഴുത്തിനിരുത്തിയത് സ്ലേറ്റിനെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്.ഒരു കൊച്ച് കറുത്ത പലക.അതിന് മുരിക്ക് പോലെ കനം കുറഞ്ഞ മരത്തിലൊരു ഫ്രെയിം.തകരച്ചീളുകളും മുള്ളാണികളുമുപയോഗിച്ച് അവ നാലു മൂലകളിലും ഉറപ്പിച്ചിരിക്കും.അതാണ് സ്ലേറ്റിന്റെചട്ട കല്ലുകൊണ്ട് നിര്‍മ്മിച്ച സ്ലേറ്റ് പെന്‍സിലുകള്‍ക്കുമുണ്ടാവും നിറമുള്ള കടലാസിനാലൊരു അലങ്കാരം.ഒരു മുക്കാലായിരുന്നു അന്ന് ഒരു പെന്‍സിലിനു വില.പിന്നീടത് അഞ്ചു പൈസ വരെയായി.ഇന്ന് കുട്ടികള്‍ക്ക് അഞ്ച് പൈസയുമറിയിയില്ല,കല്ലു പെന്‍സിലുമറിയില്ല. സ്കൂള്‍ തുറക്കുന്ന സമയത്ത് എല്ലാ സ്റ്റേഷനറിക്കടകളിലും പുത്തന്‍ സ്ലേറ്റുകളുടെ വലിയ അട്ടികള്‍ കൌതുകമുണര്‍ത്തുന്ന കാഴ്ച തന്നെയായിരുന്നുചട്ടിയില്‍ ചുണ്ണാമ്പ് കൊണ്ട് വരക്കുറിയും തൊട്ട് കുഞ്ഞിക്കൈകളേയും കാത്തിരിക്കുന്ന സുന്ദരന്മ്മാര്‍.
എല്ലാദിവസവും സ്ലേറ്റില്‍ നിറയെ എഴുതിക്കൊണ്ടുപോവണം അത് നിര്‍ബ്ബ്ന്ധമാണ് ഒരുപുറത്ത് മലയാളം പാഠാവലിയും മറുവശത്ത് ഗണിതവും.ഇരുവശവും നിറയെ എഴിതിയത് ഒരക്ഷരവും മായാതെ സ്കൂളിലെത്തിക്കുന്നതും ഒരു മിടുക്കാണ് നിരന്തര മൂല്യനിര്‍ണ്ണയം അന്നും നടന്നിരുന്നു.അതാണ് കേട്ടെഴുത്തും മനക്കണക്കും.ഈ പരിപാടികള്‍ എല്ലാ ദിവസവും കാണും.സ്ലേറ്റ്ചട്ടക്കാണ് ഇതിനിള്ള മാര്‍ക്ക് കിട്ടുന്നത്.ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സ്കോര്‍.ചോക്ക് കൊണ്ടുള്ള വെളുത്ത വരകള്‍ വൈകുന്നേരം വരെ മായാതെ സൂക്ഷിക്കണം.അഛനേയും അമ്മയേയും കാണിക്കണം.മാര്‍ക്ക് കുറഞ്ഞ ചില കുറുമ്പന്മാര്‍ അധികം കിട്ടിയവരുടെ ചട്ടകളിലെ വരകള്‍ മായ്ച് കളയും അവരേയും സൂക്ഷിക്കണം.
സൂക്ഷ്മതയുടെ ഒരു പാഠവും കൂടി സ്ലേറ്റുകള്‍ നല്‍കിയിരുന്നു ശ്രദ്ധിച്ച് കൈകാര്യം ചേയ്തില്ലെങ്കില്‍ എളുപ്പം ഉടഞ്ഞു പോവും.ഇന്നത്തെപ്പോലെ കുട്ടികള്‍ക്ക് വലിയ പ്രാധാന്യമൊന്നും അന്ന് വീടുകളിലില്ലായിരുന്നു.അതിനാല്‍ ഒരു സ്ലേറ്റ് പൊട്ടിയാല്‍ മറ്റൊന്ന് കിട്ടുക അത്ര എളുപ്പമല്ല.മൂല പോയതും നെടുകെയും കുറുകെയും വര വീണതും പാതിയുടഞ്ഞതും....അങ്ങനെ പലതരം സ്ലേറ്റുകള്‍ ക്ലാസ്സില്‍ സുലഭം.പെന്‍സിലിനും അതേ ഗതി തന്നെ,തേഞ്ഞ് കുറ്റിയാവുന്നത് വരെ എഴുതണം.അങ്ങനെ സ്ലേറ്റ് ഞങ്ങളെ മിതവ്യയവും സൂക്ഷ്മതയുമെല്ലാം പഠിപ്പിച്ചു. വിരോധമുള്ളവന് തലയില്‍ ചട്ടവച്ച് കിഴുക്കാം .കൂട്ടുകാരന് അല്‍പ്പം ചെരിച്ച് പിടിച്ചാല്‍ കണക്കിന്റെ ഉത്തരം കാണിച്ചു കൊടുക്കാം.അങ്ങനെ ഞങ്ങളുടെ തലമുറ സ്നേഹവും വൈരാഗ്യവുമെല്ലാം സ്ലേറ്റിലൂടെ പങ്കു വച്ചു.
കവിതയും കണക്കും ചരിത്രവും ചിത്രകലയുമെല്ലാം സ്ലേറ്റിലൂടെ പഠിച്ചു.തുലാവര്‍ഷകാലത്ത് വൈകുന്നേരങ്ങളില്‍ സ്ലേറ്റ് ചിലപ്പോള്‍ കുടയായും മാറി. കാലം മാറി പ്ലാസ്റ്റിക് സ്ലേറ്റുകള്‍ വന്നപ്പോള്‍ കല്ല് സ്ലേറ്റ് ആര്‍ക്കും വേണ്ടാതായി.എല്‍.കെ.ജി. മുതല്‍ നോട്ടുപുസ്തകത്തിലെഴുതുന്ന കുട്ടികള്‍ക്ക് സ്ലേറ്റ് വെറുമൊരു കളിക്കോപ്പ് മാത്രം
പാഠ്യപദ്ധതികള്‍ പിന്നെയും പലവട്ടം മാറി.ഇന്ന് എല്ലാ പഠനവും പ്രശ്നാധിഷ്ഠിതമാണ്. കേരള സമൂഹം നേരിടുന്ന എട്ടു പ്രധാന പ്രശ്നങ്ങളും പേറി ഒരു അഷ്ടാവക്രനായി നില്‍ക്കുകയാണ് സ്കൂള്‍ കരിക്കുലം,അതില്‍ ഏറ്റവും പ്രധാനമാണ് പാരിസ്ഥിതികസൌഹൃദം.എന്നിട്ടും നമ്മള്‍ സ്ലേറ്റിനെ പടിക്ക് പുറത്താക്കിയിരിക്കുന്നു. ഈയിടെ ഒരു ദിവസം ഗൃഹാതുരത്വം നല്‍കിയ ഊര്‍ജ്ജവുമായി ഞങ്ങളുടെ പട്ടണത്തിലെ പല കടകളിലും ഒരു സ്ലേറ്റ് തേടി നടന്നു.എല്ലയിടത്തുമുണ്ടായിരുന്നു,കടലാസ് പോലെ കനം കുറഞ്ഞ സെല്ലോഫേന്‍ പൊതിഞ്ഞ ആ കറുത്ത വസ്തു.ഇതല്ലല്ലോ ഞാന്‍ തേടിയത്.ഇതുപയോഗിച്ച് ചെങ്ങാതിയുടെ തലയ്ക്ക് കിഴുക്കാന്‍ പറ്റുമോ?മഴയത്ത് ചൂടാന്‍ പറ്റുമോ?
ആരാണ് എനിക്ക് തരിക,മുള്ളാണിയിട്ടുറപ്പിച്ച മരച്ചട്ടയുള്ളൊരു കൊച്ച് സ്ലേറ്റ്?പിന്നെ ഇല മുളച്ചിയുടെ ഒരു കൊച്ചിലയും. ഞാനത് ചെടിച്ചട്ടിയില്‍ വളര്‍ത്തിക്കൊള്ളാം

Saturday, October 4, 2008

ഗുല്‍മോഹര്‍ വിരിഞ്ഞപ്പോള്‍

ജയരാജിന്റെ ഗുല്‍മോഹര്‍ തികച്ചും വേറിട്ട ഒരു സിനിമാനുഭവമായി.വര്‍ണ്ണശബളമായ ഉടയാടകളിഞ്ഞ് ആടിപ്പടുന്ന താരങ്ങളില്ലാത്ത ഒരു സിനിമ തന്നവര്‍ക്ക് നന്ദി.അതിനപ്പുറം ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ.ഇതെല്ലാം ഈമണ്ണില്‍ സംഭവിച്ചതാണ്.അനീതിയുടെ നേരെയുയര്‍ന്ന ചൂണ്ടുവിരലുകള്‍ അറുത്തു മാറ്റപ്പെട്ടപ്പോള്‍ മണ്ണിലുറ്റിവീണ ചോരത്തുള്ളികള്‍ സൃഷ്ടിച്ച കറുത്ത പാടുകള്‍ ഒത്തുതീര്‍പ്പുകളുടെ പട്ടുകംബളത്താല്‍ നാം പൊതിഞ്ഞു വെച്ചു.ജയരാജും ദീദിയും ചേര്‍ന്ന് അവയില്‍ ചിലതെല്ലാം വലിച്ചു മാറ്റിയിരിക്കുന്നു.
എന്നെപ്പോലുള്ളവര്‍ക്ക്,അതായത് അന്‍പതുകളിലെത്തി നില്‍ക്കുന്നവര്‍ക്ക് ഗൃഹാതുരത്വം നിറഞ്ഞ വേദന കൂടിയാണ് ഈ പടം.
ആരുടെ കാലില്‍ തറിക്കുന്നമുള്ളും എന്നാത്മാവിനെ കുത്തിനോവിക്കുന്നു.....എന്ന കവിവാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഇന്ദുചൂടനില്‍ ഞങ്ങളുടെ തലമുറയിലെ പലരുടേയും ആത്മാംശം കാണാം .പ്രക്ഷുബ്ധമായ ആ കലാലയദിനങ്ങള്‍ ഇന്നത്തെ കുട്ടികളുടെ സങ്കല്‍പ്പത്തിനുമപ്പുറമാണ്.
എനിക്കു തോന്നുന്നു വ്യക്തികളെപ്പോലെതന്നെ ദേശങ്ങള്‍ക്കും ഒരു യൌവനകാലമുണ്ട്.പ്രണയവും വിപ്ലവവും നിറഞ്ഞ കാലം.കേരളത്തിനും ആകാലംകഴിഞ്ഞുപോയിരിക്കുന്നു.പ്രതികരിക്കാന്‍ അറച്ചു നില്‍ക്കുന്ന മധ്യ വയസ്സിലാണ് കേരളമിപ്പോള്‍.ആത്മാവില്‍ എന്നോ അണഞ്ഞുപോയ അരണിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.
എല്ലാ പരാജയപ്പെട്ട വിപ്ലവങ്ങളുടെ പിന്നിലും ചില ദുരന്ത പ്രണയകഥകളുണ്ടാവും. ഇതിലുമങ്ങനെയൊരെണ്ണമുണ്ട്.
പൂത്ത ഗുല്‍മോഹറിന്‍ ചോട്ടില്‍ ഋതുഭേദങ്ങള്‍ മറന്ന് കാത്തിരിക്കുന്ന പെണ്‍കുട്ടി.അങ്ങനെയൊരുവളാകാന്‍ കൊതിക്കാത്ത അങ്ങനെയൊരുത്തിയെ സ്വപ്നം കാണാത്ത യൌവനങ്ങള്‍ ഞങ്ങളുടെ തലമുറയില്‍ ആരുമുണ്ടാവില്ല. ഇന്ന് ഇഷ്ടഗാനം ഇഷ്ടം തോന്നുന്നവര്‍ക്കെല്ലാം
ഡെഡിക്കേറ്റ് ചെയ്യുന്നവര്‍ക്ക് സ്വപ്നങ്ങള്‍ ആവശ്യമില്ലല്ലോ.
രഞ്ജിത്ത് ഇന്ദുചൂടനായപ്പോള്‍........സോറി അവിടെ രഞ്ജിത്തില്ല.....ഇന്ദുചൂടന്‍ മാത്രം
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്കെല്ലാം വേണ്ടീ നന്ദി പറയട്ടെ......ജയരാജിനോടുംമറ്റെല്ലാവരോടും

Wednesday, June 25, 2008

വിവാaദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍

. ഏഴാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പുസ്തകം വിവാദങ്ങള്‍ക്കിടയിലാളിക്കത്തുകയാണല്ലൊ.മതത്തെച്ചൊല്ലിയാണീബഹളങ്ങെന്നോര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്.എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്രശ്നം ഈ പുസ്തകത്തിന്റെ ലഘുത്വവും അവതരണത്തിലെ അമിത ലളിതവല്‍ക്കരണവുമാണ്. ഒരു പാഠം ഉപയോഗിച്ച് തകര്‍ക്കാവുന്നതല്ല സഹസ്രാബ്ദങ്ങള്‍ രൂപപ്പെടുത്തിയ മതവും ഈശ്വരനും.എന്നാല്‍ നമ്മുടെ കുട്ടികള്‍ ഏഴാം ക്ലാസ്സില്‍ ഇത്രയും കാര്യങ്ങള്‍മാത്രം പഠിച്ചാല്‍ മതിയോ എന്നൊരു ചോദ്യം ആരും ഉയര്‍ത്താത് എന്ത് കൊണ്ട്?കുട്ടികള്‍ വിമര്‍ശിക്കുകയും വിലയിരുത്തുകയും സ്വയം കണ്ടെത്തുകയും വേണം.എന്നാല്‍ പാഠപുസ്തകങ്ങള്‍ കുറേ കാര്യങ്ങള്‍ കുട്ടികള്‍ക്ക് അങ്ങോട്ട് കൊടുക്കുകയും വേണം.അവിടെയാണ് ഈ പുസ്തകം പരാജയപ്പെടുന്നത്.എല്ലാ കുട്ടികളും ഇ ‌‌‌-ലോകവും റഫറന്‍സ് ലൈബ്രറികളും ഉപയോഗിക്കുന്നവരല്ല അവരുടെ പ്രധാന ആയുധം ഇപ്പോഴും പാഠപുസ്തകം തന്നെയാണ്.അത് അവ്യക്തവും അര്‍ധ സത്യങ്ങള്‍ നിറഞ്ഞവയുമായാല്‍ എന്ത് സംഭവിക്കും? ഒരു ഉദാഹരണം മാത്രം പറയാം.ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറയുന്നിടത്ത് ഝാന്‍സിറാണിയും താന്തിയാത്തോപ്പിയുമില്ല.ആകെ പറയുന്ന ഒരു പേര് മംഗള്‍പാണ്ടെയുടേത് മാത്രം.ഇതിന് മുന്‍പേ പറയേണ്ട പഴശ്ശിരാജാവും ടിപ്പുസുല്‍ത്താനും ഈ പുസ്തകത്തില്‍ വരുന്നില്ല. അസ്ഥാനത്ത് എടുത്തുചേര്‍ത്ത ഉദ്ദ്ധരണികളാണ് മറ്റൊരപകടം.നെഹറുവിന്റെ ഒസ്യത്തില്‍ നിന്നുള്ള ഭാഗം ഇതില്‍ ഒന്നു മാത്രം.ദേവകീ നിലയങ്ങോടിന്റെ മനോഹരമായ പുസ്തകത്തില്‍ നിന്നും എടുത്തുചേര്‍ത്ത വാചകവും ആപുസ്തകം വായിക്കാത്ത ആളുകളെ തെറ്റിദ്ദ്ധരിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് ഇതു പോരേ എന്ന് തോന്നുന്നവര്‍ ദയവ് ചെയ്ത് CBSEയുടെ ഏഴാം ക്ലാസ്സിലെ പുസ്തകങ്ങളൊന്ന് പരിശോധിക്കുക. ഇന്ന് കേട്ട ഏറ്റവും നല്ല തമാശ..... മകന്‍ പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലായിരുന്നു എന്ന് മന്ത്രി ബേബി. ഡല്‍ഹിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ കേരളാസിലബസ്സാണോ സാര്‍?