Monday, May 12, 2008

അപ്പുക്കുട്ടന്‍ അങ്കലാപ്പില്‍

എട്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോഴാണ് അപ്പുക്കുട്ടന്സ്വന്തം വില മനസ്സിലായത്.ആരൊക്കെയാണ്‍ ഇപ്പൊള്‍ അവനെത്തേടിവരുന്നത്?എത്ര ചൊക്ക്ലേറ്റുകളാണ് കൊണ്ടുവരുന്നത്?പിന്നെ വാഗ്ദാനങ്ങളുടെ ഒരു പെരുമഴയാണ്. യുനിഫോം,അത് തൈയ്ക്കാനുള്ള കൂലി,കുട,ബുക്ക് പിന്നെ സൌജന്യ ബസ്സ് യാത്ര അങ്ങനെ ഒരുപാടൊരുപാട്..... ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലൊ അപ്പുക്കുട്ടനെ കാണാന്‍ വരുന്നവര്‍ ആരാണെന്ന്?സംശയിക്കേണ്ട,അവര്‍ തന്നെ.അടുത്തും അകലെയുമുള്ളാ ഹൈസ്കൂള്‍ അധ്യാപകര്‍.എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ അപ്പുക്കുട്ടന്‍ എട്ടാം ക്ലാസ്സില്‍ അവരുടെ സ്കൂളില്‍ ചേരണം. ഞങ്ങള്‍ ദിവസവും സാമ്പാറും ചോറുമാണ് ചേച്ചീ കൊടുക്കുന്നത്.ആദ്യം വന്നവര്‍ അപ്പുവിന്റെ അമ്മയോട് പറഞ്ഞു.കഞ്ഞിയും പയറുമൊന്നുമല്ല. “ഞങ്ങള്‍ ഒന്നാലോചിക്കട്ടെ”അപ്പുവിന്റെ അമ്മ പറഞ്ഞു. “ചേച്ചീ അയാളുടെ സ്വരം ദയനീയമായിരുന്നു. “കഴിഞ്ഞ വര്‍ഷം മൂന്ന് കുട്ടികളുടെ കുറവ് കാരണം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ് ജോലി പോയത്.ഞങ്ങളോട് ഇത്തിരി ദയ കാണിക്കണം. തൊഴുത് നില്‍ക്കുന്ന ഗുരു നാഥന്മാരെ നോക്കിനില്‍ക്കെ അപ്പുവിന് മനസ്സില്‍ ദയ നിറഞ്ഞു.“വരാം മാഷെ”അവന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അടുത്ത ദിവസം വന്നവര്‍ ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്തപ്പോള്‍ അപ്പുവിന്റെ മനസ്സ് ചഞ്ചലമായി.പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി.ചില ഡിമാന്‍ഡുകള്‍ അങ്ങോട്ടും വച്ചാലോ? “മാഷേ ഞാന്‍ എല്ലാദിവസോം വരില്ല കേട്ടോ” വേണ്ട.മാഷ് വേഗം സമ്മതിച്ചു.പക്ഷേ തലയെണ്ണാന്‍ വരുന്ന ദിവസം മറക്കാതെ വരണം ഏറ്റു.അപ്പുക്കുട്ടന്‍ ഉദാര മനസ്കനായി. പിന്നെ,ചിലപ്പോഴൊക്കെ ഞാന്‍ സമരം ചെയ്യുംആയ്ക്കൊട്ടെ.മാഷ്ക്ക് ഒരുവിരോധവും ഇല്ല.മുദ്രാവാക്യം ഞനെഴുതിത്തരാം.കേട്ടു നിന്ന അപ്പുവിന്റെ അമ്മയ്ക്ക് സഹിച്ചില്ല “എന്തൊക്കെയാ മാഷേ നിങ്ങളീ പറേണത്?നിങ്ങളൊരു മാഷ് തന്നാണോ?”അമ്മയുടെ മുഖത്തേക്ക് നോക്കിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചേച്ചീ ഭാര്യയും ഒരു കുട്ടിയുമുള്ളവനാണ് ഞാന്‍.കുട്ടികള്‍ കുറഞ്ഞത് കാരണം ഒരു വര്‍ഷമായി ശമ്പളമില്ലാതിരിക്കയാണ്.എവിടെയൊക്കെ കടമുണ്ടെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.അപ്പു എന്ത് പറഞാലും ഞാന്‍ സമ്മതിക്കും, അവനെ ഈവര്‍ഷം ഞാന്‍ കൊണ്ടുപോവും. അന്ന് വൈകുന്നേരം കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ നിന്ന് അപ്പുക്കുട്ടന്‍ ഉള്ളുരുകി പ്രാത്ഥിച്ചു. ഭഗവാനേ ഒരേ സമയത്ത് ഇവരുടെയൊക്കെ സ്കൂളില്‍ പ്രത്യക്ഷപ്പെടാനുള്ള കഴിവെനിക്ക് തരൂ.....

3 comments:

ushateacher said...

ഇത് കഥയല്ല.ഞാന്‍ ദിവസവും കാണുന്ന ജീവിതത്തിന്റെ ഒരു നേര്‍ച്ചിത്രം

കുഞ്ഞന്‍ said...

പൊള്ളുന്നൊരു നേര്‍ക്കാഴ്ച..!

വളരെ ദയനീയത നിറഞ്ഞ ഒരു ചിത്രമാണ് ടീച്ചര്‍ വരച്ചുകാട്ടിയത്. ഇങ്ങിനെ സംഭവിക്കുന്നത് സ്കൂളുകള്‍ കൂടിയതുകൊണ്ടൊ അദ്ധ്യാപകര്‍ കൂടിയതുകൊണ്ടൊ അതൊ ജനന നിരക്കില്‍ വന്ന വ്യത്യാസം കൊണ്ടൊ?
അദ്ധ്യാപകരുടെ നൊമ്പരം എന്നെയും നോവിക്കുന്നു. സമൂഹത്തിനു നന്മ മാത്രം ചെയ്യുന്നവര്‍.
ഇനിയുള്ള കാലത്ത് കോഴി ബിരിയാണിയൊന്നും ഓഫര്‍ ചെയ്തിട്ടു കാര്യമില്ലെന്നെനിക്കുതോന്നത്.
അപ്പുക്കുട്ടന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ

Unknown said...

നന്നായിട്ടുണ്ട് ടീച്ചര്‍ ... വിദ്യാഭ്യാസരംഗത്തെ ഈ കിടമത്സരവും, കൂണ് പോലെ ദിനം പ്രതി മുളച്ചു പൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളും എവിടെക്കൊണ്ടെത്തിക്കും എന്നറിയില്ല . വിദ്യ ഗ്രഹിച്ചു പഠിക്കണം എന്ന് ഇന്നാര്‍ക്കും രക്ഷിതാക്കള്‍ക്ക് പോലും ചിന്തയില്ല. മത്സരത്തില്‍ മുന്നിലെത്തണമെന്നേയുള്ളൂ . ഒരു തലമുറ മൊത്തത്തില്‍ വിദ്യാഭ്യാസത്തിലൂടെ വിദ്യാവിഹീനരാകുന്ന വിരോധാഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ വിധിക്കപ്പെട്ട ആസുരമായൊരു കാലം . മൂല്യച്യുതി സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളേയും ഗ്രസിച്ചു വരുന്നു ... ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള ചുരുക്കം ചില അദ്ധ്യാപികാദ്ധ്യാപകര്‍ക്ക് മൂകസാക്ഷികളാവേണ്ടി വരുന്നു .. എല്ലാം കാലത്തിന്റെ മാറ്റമെന്ന് പറഞ്ഞ് നമുക്ക് മൌനികളാവാന്‍ കഴിയുമോ ?