Wednesday, February 25, 2009

അക്ഷരങ്ങളിലേക്ക് ഒരു മടക്കയാത്ര

സ്വയം നിര്‍മിച്ച മൌനവല്‍മീകത്തെ ഞാന്‍ തന്നെ തട്ടിയുടക്കട്ടെ.....പോയ നവംബര്‍ തീവ്രമായ നഷ്ടമാണ് നല്‍കിയത്.പുസ്തകങ്ങളുടെ വിസ്മയലോകം തുറന്നു തന്ന പ്രിയപ്പെട്ട അമ്മാവന്‍ ശിശിരത്തിലെ ഇല കൊഴിയുന്നതു പോലെ യാത്ര പറയാതെ അനന്തതയിലേക്ക് നടന്നു മറഞ്ഞു.....ആ വേദനയുടെ കയത്തില്‍ അക്ഷരങ്ങള്‍ പോലും തുണയില്ലാതായി. മൃത്യുവിന്‍ മുന്നില്‍ നമ്മളെത്ര നിസ്സഹായരെന്ന് പകച്ചിരുന്ന ദിവസങ്ങള്‍. പിന്നെ ഒരു ദീര്‍ഘയാത്ര.തെക്കെ അറ്റം മുതല്‍ ഹിമാലയം വരെ.......മഞ്ഞു പെയ്യും ജനുവരിയില്‍ ഒരു ഭാരത പര്യടനം.
ഉത്തരേന്ത്യന്‍ സമതലത്തിലെ മനോഹരമായ അസ്തമയങ്ങള്‍.അസ്തമയത്തെ എന്നും കടലുമായി ബന്ധപ്പെടുത്തിക്കാണുന്ന നമുക്ക് അതൊരു വിസ്മയക്കാഴ്ച്ച തന്നെ.അസ്തമയക്കടലിന്നകലെ .....എന്നും പടിഞ്ഞാറെക്കടലിലെ പനനീര്‍പ്പൂച്ചാമ്പക്കയെന്നും ഹിന്ദിക്കവികള്‍ എഴുതുകയില്ലെന്ന് മാത്രം.
വിന്ധ്യന് വടക്ക് ഭാരതത്തിന്‍ വിശാലമുഖം.കടലിനും മലകള്‍ക്കുമിടയിലെ ചറിയ ലോകത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഒരിക്കലും ഉള്‍ക്കൊള്ളനാവാതിരുന്ന വിശാലതയാണത്.നമ്മുടെ സാഹിത്യത്തിലും കലയിലുമുള്ള വിശാലദര്‍ശനത്തിന്റെ അഭാവത്തിനു കാരണവും ഈ ചെറിയ ലോകത്തിലെ ജീവിതമാവാം.ഭാരതത്തെ മുഴുവന്‍ ഒന്നായി ദര്‍ശിച്ച ആദിശങ്കരനെപ്പോലും ഒരു ഹിന്ദു സന്യാസിയാക്കിച്ചെറുതാക്കിയവരല്ലേ നമ്മള്‍?....ഇപ്പോഴത്തെ സ്ഥിതി തന്നെ നോക്കൂ.നമ്മുടെ നല്ല എഴുത്തുകാരില്‍ അധികം പേരും സഹ്യന് പുറത്ത് ജീവിച്ചവരല്ലേ?വിജയന്‍ ,മുകുന്ദന്‍ ,ആനന്ദ് ,എം പി നാരയണപ്പിള്ള, ബഷീര്‍ ,മാധവിക്കുട്ടി.....ഒരു തമാശ പോലെ ആലോചിച്ചു പോവുകയാണ്,എം ടി കുറേക്കാലം കേരളത്തിനു പുറത്ത് ജീവിച്ചിരുന്നെങ്കിലെന്ന്.എങ്കില്‍ ആ കൃതികള്‍ക്ക് കുറേക്കൂടീ ആഴം ലഭിക്കുമായിരുന്നു.

7 comments:

ushateacher said...

ഒരു യാത്രക്കിടയില്‍ തോന്നിയ ശിഥില ചിന്തകള്‍...വരും ദിവസങ്ങളില്‍ തുടര്‍ന്നെഴുതാം

Zebu Bull::മാണിക്കൻ said...

വിന്ധ്യനു വടക്കുള്ള സാഹിത്യകാരില്‍ ആരെയാണ്‌ ടീച്ചര്‍‌ക്കേറ്റവുമിഷ്ടം? അവരുടെ കൃതികളില്‍ ടീച്ചര്‍ പറയുന്ന ആ വിശാലദര്‍‌ശനം കാണാറുണ്ടോ? (മലയാളമൊഴികെ അധികം ഇന്ത്യന്‍ സാഹിത്യം വായിക്കാത്ത ഒരാളുടെ മണ്ടന്‍ ചോദ്യമായിക്കരുതുക)

Zebu Bull::മാണിക്കൻ said...

(എന്റെ ആദ്യത്തെ കമന്റില്‍ "സാഹിത്യകാരന്‍‌മാരില്‍/സാഹിത്യകാരികളില്‍" എന്നു തിരുത്തിവായിക്കുക)

yousufpa said...

വായിച്ചും പഠിപ്പിച്ചൂം ഒട്ടേറെ അനുഭവങ്ങളുണ്ടാകുമല്ലോ റ്റീച്ചര്‍ക്ക്. തുടര്‍ന്നും എഴുതുക.

Unknown said...

ടീച്ചര്‍ ഇപ്പോഴാണ് എല്ലാം അറിയാന്‍ കഴിഞ്ഞത്. ഏതായാലും ആ യാത്ര മനസ്സിന് ശാന്തിയും കുറെ അനുഭവങ്ങളും നല്‍കിയല്ലൊ അല്ലെ. തുടര്‍ന്നെഴുതുമല്ലൊ.

ushateacher said...

dear bull,
സാഹിത്യകാരന്മാരെയും സാഹിത്യകാരികളേയും ഒരേ പോലെ ഇഷ്ടപ്പെടുന്നയാളാണ്.സ്ത്രീപക്ഷത്തോട് പ്രത്യേക മമതയൊന്നുമില്ല.എങ്കിലും.അമൃതാപ്രീതം,ആശാപൂര്‍ണ്ണാദേവി,മഹാശ്വേതാദേവി,ഇന്ദിരാഗോസ്വാമി ...ഇവരുടെയൊക്കെ രചനകള്‍ നമ്മുടെ പല ആണുങ്ങള്‍ എഴുതുന്നതിലും മികച്ചതാണ്.വിന്ധ്യനു ന്വടക്കുള്ള സാഹിത്യം പരിചയപ്പെടുക തന്നെ വേണം.ഖണ്ഡേക്കര്‍,താരാശങ്കര്‍,ജരാസന്ധന്‍,ശ്രീകൃഷ്ണ ആലനഹള്ളി ഒന്ന് പരിചയപ്പെട്ടു നോക്കൂ

Zebu Bull::മാണിക്കൻ said...

ടീച്ചര്‍, നന്ദി. "യയാതി" ഒരുപാടുനാളായി ഉന്നമിട്ടിരിക്കുന്ന ഒരു പുസ്തകമാണ്‌. ഇവരുടെയൊക്കെ പുസ്തകങ്ങള്‍ ഇവിടെ കിട്ടുമോയെന്നുതന്നെയറിയില്ല. എന്തായാലും നോക്കട്ടെ.