Friday, February 27, 2009

കമ്മ്യൂണിസ്റ്റ് നിരാശകള്‍

നവകേരള മാര്‍ച്ച് തെക്കേഅറ്റത്തെത്തുമ്പോള്‍ എന്തെങ്കിലും വലിയത് സംഭവിക്കുമെന്ന് കരുതിയിരുന്നവരെല്ലാം നിരാശപ്പെട്ടിരിക്കുകയാണല്ലോ.ഈ തിരക്കിനിടയില്‍ സി.പി.യെം ആര്‍ഭാടപൂര്‍ണ്ണമായ ഈ ജാഥയിലൂടെ മറ്റൊരു കോണ്‍ഗ്രസ്സായി മാറിയ കാര്യം ആരും വിളിച്ചു പറയാത്തതെന്താണ്?പാര്‍ട്ടിയെ നശിപ്പിക്കാന്‍ സാമ്രാജ്യ ശക്തികളോട് അച്ചാരം വാങ്ങിയല്ല ഇതെഴുതുന്നത്.രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ഒരാളില്ലല്ലോ എന്ന വേദനയില്‍ നിന്നാണ്.ഈ കാണിച്ചുകൂട്ടിയ ആര്‍ഭാടമെല്ലാം ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് ചേര്‍ന്നതാണോ? ഈഅലങ്കാരങ്ങളും ആര്‍ഭാടങ്ങളും പത്ത് വോട്ടെങ്കിലും അധികം വാങ്ങിത്തരുമെന്ന് ഈ നേതാക്കള്‍ വിശ്വസിക്കുന്നോ?.എ കെ ജി നടത്തിയ യാതനാപൂര്‍ണ്ണമായ യാത്രകളൊരു തലമുറയുടെ മനസ്സില്‍ ഇന്നും സജീവമാണെന്ന് ദയവായി ഓര്‍ക്കുക.
ഏറ്റവും സങ്കടം തോന്നിയത് ചില നേതാക്കന്മാരുടെ വാക് പ്രയോഗങ്ങള്‍ കേട്ടപ്പോഴാണ്. തങ്ങള്‍ക്കെതിരെ എഴുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ നരകത്തില്‍ പോവുമെന്ന് സുധാകരസൂക്തം.കോണ്‍ഗ്രസ്സ്കാര്‍ക്ക് ലീഡറുടെ ശാപം കിട്ടുമെന്ന് ജയരാജവാക്യം.എല്ലാം കേട്ടപ്പോളീയുള്ളവള്‍ക്ക് ഒരു ചെറിയ സംശയം എന്ന് മുതലാണ് കമ്മ്യൂണിസ്റ്റ്കാര്‍ സ്വര്‍ഗ്ഗനരകങ്ങളിലും ശാപത്തിലുമൊക്കെ വിശ്വസിക്കാന്‍ തുടങ്ങിയത്? വിശക്കുന്നവനോട് ഇത് നിന്‍ തലവിധിയെന്ന് പറയുന്ന നേതാവിനേയും നമുക്ക് കാണേണ്ടിവരുമോ?
ഒരു മന്ത്രിപുത്രനെപ്പറ്റി ആരോപണം വന്നപ്പോള്‍ ശുദ്ധ അസംബന്ധമെന്ന് എത്ര വേഗമാണ് വലിയ നേതാവ് പ്രതികരിച്ചത്.അന്വേഷിക്കാമെന്ന് പറയാന്‍ തോന്നതിരുന്നതെന്താണ്?ഞാനും അനുയായിവൃന്ദവും പ്രമാദങ്ങള്‍ക്ക് അതീതരാണെന്ന തോന്നല്‍.....ദുര്യോധനന്‍ നടത്തിയ ഇന്ദ്രപ്രസ്ഥയാത്ര കുഞ്ചന്‍ നമ്പ്യാര്‍ വര്‍ണ്ണിച്ചത് ഓര്‍മ്മ വരുന്നു...........ദയവ് ചെയ്ത് പൊറുക്കുക

4 comments:

ബാബുരാജ് said...

ആരു കേള്‍ക്കാനാണ്‌? എന്നാലും പറഞ്ഞതു നന്നായി ടീച്ചര്‍!

ചങ്കരന്‍ said...

അതെയതെ, വിധിതന്നെ, മലയാളികളുടെ.

ലത said...

സാമ്രാജ്യത്വശക്തികളുടെ അച്ചാരം വാങ്ങിയിട്ടില്ല എന്നൊരു ഡിസ്ക്ലൈമര്‍ മതിയാവൂല ടീച്ചറേ. മൂന്നു കൂട്ടരാണ് മാര്‍ച്ചിനെതിരേ ഫെബ്രുവരിയില്‍ ചിലച്ചത്.

1. സാമ്രാജ്യത്വശക്തികളുടെ അച്ചാരം വാങ്ങുന്നവര്‍
2. ഹിന്ദുത്വശക്തികളുടെ അച്ചാരം വാങ്ങുന്നവര്‍
3. മന്ദബുദ്ധികള്‍

ഇതു മൂന്നുമല്ലാ എന്ന് തെളിയിക്കൂ. അപ്പ പറയാം മറുപടി. അരിവാള്‍ കൊണ്ട് വേണോ ചുറ്റിക കൊണ്ട് വേണോ എന്ന് തീരുമാനിക്കട്ടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നവകേരള മാർച്ചിനിടയിൽ തിരക്കിട്ടു പി.ബി മീറ്റിംഗിനു പോകാൻ വിമാനത്താവളത്തിലെത്തിയ ഒരു നേതാവിനോട് “താങ്കൾ സെക്രട്ടറിയായി തന്നെ മടങ്ങി വരുമോ?” എന്ന ഏറ്റവും നാറിയ ചോദ്യം ചോദിച്ച ഇവിടുത്തെ മാധ്യമപുംഗവന്മാരെക്കുറിച്ചു ഒരക്ഷരം പറഞ്ഞിട്ടു പാർട്ടിക്കാർ മാധ്യമങ്ങൾക്കു നേരെ ആക്ഷേപം പറയുന്നു എന്ന് ടീച്ചർ പറഞ്ഞിരുന്നെങ്കിൽ അംഗീകരിയ്ക്കാമായിരുന്നു.അന്നു അതിനു കൊടുക്കാവുന്ന ഏറ്റവും സഭ്യമായ മറുപടി ആയിരുന്നു “ ഇങ്ങോട്ട് മാറി നിൽ‌ക്കൂ പറഞ്ഞു തരാം” എന്നത്.ആത്മാഭിമാനം എന്നത് എല്ലാവർക്കും ഉണ്ട്.അതു രാഷ്ട്രീയപ്രവർത്തകനു മാത്രം പാടില്ല എന്ന് പറയുന്നത് ശരിയല്ല.അനാവശ്യമായി ആരുടെയും ആത്മാഭിമാനത്തിനു ക്ഷതം വരുത്തുന്ന രീതിയിൽ സംസാരിയ്ക്കാൻ പാടില്ല.അതു ഇവിടുത്തെ മാധ്യമ പ്രവർത്തകർ തന്നെയാണു ആദ്യം മനസ്സിലാക്കേണ്ടത്.“നരകത്തിൽ പോകും”“ശാപംകിട്ടും” എന്നൊക്കെ പറയുന്നത് ഒരു സംസാര ഭാഷാ രീതിയായി കണ്ടാൽ മതി.ഇതിലൊന്നും വിശ്വസിയ്ക്കാത്തെ ഞാനും ഇടയ്ക്കു സംഭാഷണത്തിൽ ഇത്തരം പദങ്ങൾ ഉപയോഗിയ്ക്കാറുണ്ട്..ടീച്ചറും അങ്ങനെയല്ലേ?

ആർഭാടങ്ങളെക്കുറിച്ചു:നവകേരളമാർച്ച് ഉപ്പളയിൽ തുടങ്ങുമ്പോൾ യാദൃശ്ചികമായി അവിടെ ഉണ്ടായിരുന്ന ഒരാളാണു ഞാൻ.ഞാനവിടെ എത്തുമ്പോൾ യോഗം തുടങ്ങിയിരുന്നില്ലെങ്കിലും സ്റ്റേജിൽ എല്ലാ നേതാക്കളും ഉണ്ടായിരുന്നു.ഏതാണ്ട് മൂന്നു മൂന്നര കഴിഞ്ഞപ്പോൾ മുതൽ തുളുനാട്ടിലെ ചുട്ടു പൊള്ളുന്ന വെയിലിൽ ഇട്ടിരുന്ന സ്റ്റേജിലിരുന്ന എല്ലാവരും യോഗം തീർന്ന എട്ടു മണി വരെ പച്ച വെള്ളം പോലും കുടിച്ചു ഞാൻ കണ്ടില്ല.പ്രസംഗം കേൾക്കാൻ ചെന്ന ഞാൻ ചൂടു സഹിയ്കാനാവാതെ 2 തവണ പോയി തണുത്ത വെള്ളം വാങ്ങിക്കുടിച്ചു.നിങ്ങൾ ആക്ഷേപിയ്ക്കുന്ന പലർക്കും നമ്മളെക്കാള്ള് സഹന ശക്തി ഉണ്ടെന്നു പറയാനാണു ഞാനിത് പറഞ്ഞത്.
എ.കെ.ജി അന്നത്തെ മദ്രാസിലേയ്ക്കു “പട്ടിണി ജാഥ “നയിച്ച സാഹചര്യമല്ല ഇന്നുള്ളത്.മാത്രമല്ലെ ഇത്തരം മാർച്ചുകൾ പാർട്ടി തെരഞ്ഞെടുപ്പു പ്രചരണങ്ങളൂടെ ഭാഗം കൂടിയാണു.അത്തരം ഒരു രാഷ്ടീയ വശം കൂടിയുണ്ട് ഇതിന്.പണ്ടു നമ്മുടെ നാട്ടിൽ മഹീന്ദ്രാ കമ്പനിയുടെ ജീപ്പ് ആയിരുന്നു ബസ് കഴിഞ്ഞാൽ മുഖ്യ വാഹനം..ഇന്നത് റോഡിൽ കാണാനുണ്ടോ? പണ്ട് ജീപ്പിൽ പോയി എന്ന് വച്ച് ഇന്നു അതു കൊണ്ടുവരാൻ പറ്റുമോ?

ടീച്ചറുടെ ബ്ലോഗ്ഗ് ആദ്യമായി കാണുകയാണ്.ആദ്യം കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒക്കെ എഴുതിയല്ലോ എന്ന് കരുതരുതേ...