Saturday, October 4, 2008

ഗുല്‍മോഹര്‍ വിരിഞ്ഞപ്പോള്‍

ജയരാജിന്റെ ഗുല്‍മോഹര്‍ തികച്ചും വേറിട്ട ഒരു സിനിമാനുഭവമായി.വര്‍ണ്ണശബളമായ ഉടയാടകളിഞ്ഞ് ആടിപ്പടുന്ന താരങ്ങളില്ലാത്ത ഒരു സിനിമ തന്നവര്‍ക്ക് നന്ദി.അതിനപ്പുറം ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ.ഇതെല്ലാം ഈമണ്ണില്‍ സംഭവിച്ചതാണ്.അനീതിയുടെ നേരെയുയര്‍ന്ന ചൂണ്ടുവിരലുകള്‍ അറുത്തു മാറ്റപ്പെട്ടപ്പോള്‍ മണ്ണിലുറ്റിവീണ ചോരത്തുള്ളികള്‍ സൃഷ്ടിച്ച കറുത്ത പാടുകള്‍ ഒത്തുതീര്‍പ്പുകളുടെ പട്ടുകംബളത്താല്‍ നാം പൊതിഞ്ഞു വെച്ചു.ജയരാജും ദീദിയും ചേര്‍ന്ന് അവയില്‍ ചിലതെല്ലാം വലിച്ചു മാറ്റിയിരിക്കുന്നു.
എന്നെപ്പോലുള്ളവര്‍ക്ക്,അതായത് അന്‍പതുകളിലെത്തി നില്‍ക്കുന്നവര്‍ക്ക് ഗൃഹാതുരത്വം നിറഞ്ഞ വേദന കൂടിയാണ് ഈ പടം.
ആരുടെ കാലില്‍ തറിക്കുന്നമുള്ളും എന്നാത്മാവിനെ കുത്തിനോവിക്കുന്നു.....എന്ന കവിവാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഇന്ദുചൂടനില്‍ ഞങ്ങളുടെ തലമുറയിലെ പലരുടേയും ആത്മാംശം കാണാം .പ്രക്ഷുബ്ധമായ ആ കലാലയദിനങ്ങള്‍ ഇന്നത്തെ കുട്ടികളുടെ സങ്കല്‍പ്പത്തിനുമപ്പുറമാണ്.
എനിക്കു തോന്നുന്നു വ്യക്തികളെപ്പോലെതന്നെ ദേശങ്ങള്‍ക്കും ഒരു യൌവനകാലമുണ്ട്.പ്രണയവും വിപ്ലവവും നിറഞ്ഞ കാലം.കേരളത്തിനും ആകാലംകഴിഞ്ഞുപോയിരിക്കുന്നു.പ്രതികരിക്കാന്‍ അറച്ചു നില്‍ക്കുന്ന മധ്യ വയസ്സിലാണ് കേരളമിപ്പോള്‍.ആത്മാവില്‍ എന്നോ അണഞ്ഞുപോയ അരണിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.
എല്ലാ പരാജയപ്പെട്ട വിപ്ലവങ്ങളുടെ പിന്നിലും ചില ദുരന്ത പ്രണയകഥകളുണ്ടാവും. ഇതിലുമങ്ങനെയൊരെണ്ണമുണ്ട്.
പൂത്ത ഗുല്‍മോഹറിന്‍ ചോട്ടില്‍ ഋതുഭേദങ്ങള്‍ മറന്ന് കാത്തിരിക്കുന്ന പെണ്‍കുട്ടി.അങ്ങനെയൊരുവളാകാന്‍ കൊതിക്കാത്ത അങ്ങനെയൊരുത്തിയെ സ്വപ്നം കാണാത്ത യൌവനങ്ങള്‍ ഞങ്ങളുടെ തലമുറയില്‍ ആരുമുണ്ടാവില്ല. ഇന്ന് ഇഷ്ടഗാനം ഇഷ്ടം തോന്നുന്നവര്‍ക്കെല്ലാം
ഡെഡിക്കേറ്റ് ചെയ്യുന്നവര്‍ക്ക് സ്വപ്നങ്ങള്‍ ആവശ്യമില്ലല്ലോ.
രഞ്ജിത്ത് ഇന്ദുചൂടനായപ്പോള്‍........സോറി അവിടെ രഞ്ജിത്തില്ല.....ഇന്ദുചൂടന്‍ മാത്രം
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്കെല്ലാം വേണ്ടീ നന്ദി പറയട്ടെ......ജയരാജിനോടുംമറ്റെല്ലാവരോടും

5 comments:

ushateacher said...

സിനിമ ഇന്ന് നമ്മുടെ സ്കൂള്‍ സിലബസ്സില്‍ ഒരു പ്രധാന ഘടകമാണ് .എല്ലാ മലയാളം മാഷ്മ്മാരും ഓരോ തവണ കണ്ടെങ്കില്‍ ഗുല്‍മോഹര്‍ പോലുള്ള പടങ്ങള്‍ സാമ്പത്തിക വിജയം നേടിയേനെ

Unknown said...

ഗുല്‍‌മോഹര്‍ എന്ന സിനിമയെ പരിചയപ്പെടുത്തിയതില്‍ നന്ദി ടീച്ചര്‍ .. അടുത്ത് തന്നെ ഈ പടം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കട്ടെ !

വരവൂരാൻ said...

ഗുല്‍മോഹര്‍, ഒരു നല്ല വിവരണം.ആശംസകളോടെ

ബഷീർ said...

നമ്മുടെ നാടിന്റെ വാര്‍ദ്ധക്യ ദശയിലാണെന്ന് തോന്നിപ്പോകുന്നു ചിലപ്പോള്‍.. കാഴ്ചപ്പാടുകളുടെ വിത്യാസമായിരിക്കാം
ആശംസകള്‍

salil | drishyan said...

സത്യം ഉഷടീച്ചറേ,ഞാന്‍ എന്റെ ബ്ലോഗില്‍ കമന്റിയ പോലെ - മലയാളത്തില്‍ നല്ല സിനിമകളൊന്നും ഇറങ്ങുന്നില്ല എന്ന് കരയുന്നവര്‍ മാത്രം കണ്ടാല്‍ മതി ഇത്തരം സിനിമകള്‍ രണ്ടാഴ്ചയെങ്കിലും ഓടാന്‍! ശക്തമായ കഥാപാത്രങ്ങള്‍, മനോഹരമായ സംഭാഷണങ്ങള്‍, നല്ല കഥാമുഹൂര്‍ത്തങ്ങളുള്ള തിരക്കഥ (മൈനസ്സ് ക്ലൈമാക്സ് !) എന്നിവ ഗുല്‍മോഹറിനെ സമീപകാലമലയാളസിനിമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഗുല്‍മോഹറിനെ കുറിച്ചുള്ള എന്റെ ചിന്തകള്‍ സിനിമാക്കാഴ്ചയിലുണ്ട്.

സസ്നേഹം
ദൃശ്യന്‍