Sunday, November 2, 2008

ആകാശമില്ലാത്ത പറവകള്‍

ആകാശമില്ലാത്ത പറവകള്‍ വേപ്പുമരത്തെക്കുറിച്ചു പറയുമ്പോഴെല്ലാം അമ്മയുടെ കണ്ണുകളില്‍ ഒരു ഗ്രാമം പ്രകാശിച്ചു നില്‍ക്കുമായിരുന്നു .താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഗ്രാമം.അവിടെ നടവഴികള്‍ക്കിരുവശവും തഴച്ചു വളര്‍ന്ന വേപ്പ് മരങ്ങള്‍.അവയ്ക്കു ചുവട്ടില്‍ മാ‍വിലത്തോരണങ്ങള്‍ക്കിടയില്‍ മഞ്ഞള്‍ പൂശിയിരിക്കുന്ന അമ്മ ദൈവങ്ങള്‍. “എല്ലാം തന്നതവരാണ്”.അമ്മ പറയും“ഈ ശരീരോം ഈജീവനും” ഒടുവില്‍ ഒരു കുസൃതിയോടെ അഛനെ നോക്കിക്കൊണ്ട് അമ്മ പറയും “പിന്നെ നിന്റെ അഛനേയും” അമ്മ അത് പറയുമ്പോള്‍ അഛന്റെ കണ്ണുകളിലും പൂത്തിരികള്‍ തെളിയും.അതുകൊണ്ടാണ് ടീച്ചര്‍ ഏത് മരം വേണമെന്ന് ചോദിച്ചപ്പോള്‍ വേപ്പ് എന്ന് വേഗം ഉതരം പറയാന്‍ അവന് കഴിഞ്ഞത്. രാമു എന്ന പേരിന് നേരെ ടീച്ചര്‍ വേപ്പ് എന്ന് മനോഹരമായ കൈയക്ഷരത്തില്‍ എഴുതിയത് കണ്ടപ്പോള്‍ അവന് സമാധാനമായി .അവധി കഴിഞ്ഞ് വരുമ്പോള്‍ എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ തരും.ടീ‍ച്ചര്‍ ഉറപ്പ് നല്‍കി. നല്ല മഴയുള്ള ഒരു ദിവസമാണ് സ്കൂള്‍ തുറന്നത്.അവധി തീരുന്ന കാര്യം മഴ ഇത്ര കൃത്യമായി അറിയുന്നതെങ്ങിനെയാണവോ?രാമു അത്ഭുതപ്പെട്ടു.പുതിയ ഉടുപ്പും പുസ്തകവുമെല്ലാം നനയും.എന്നാലും അവന് മഴയോട്ദ്വേഷ്യമൊന്നും തോന്നിയില്ല.അവന്റെ മരം വളരാന്‍ മഴ വേണ്ടേ? ശ്രദ്ധിച്ച് വളര്‍ത്തണം.തൈകള്‍ വിതരണം ചെയ്യാന്‍ വന്ന മന്ത്രി കുട്ടികളോട് പറഞ്ഞു.മരം വളരുമ്പോള്‍ പക്ഷികള്‍ അതില്‍ ചേക്കേറാന്‍ വരും.അതങ്ങനെ ഒരു ലോകമായി മാറും.ഒരു മരം വളര്‍ത്തുമ്പോള്‍ നിങ്ങളൊരു ലോകത്തെയാണ്വളര്‍ത്തുന്നത്. അതെനിക്കറിയാം.തനിക്ക് കിട്ടിയ വേപ്പിന്‍ തൈ മാറോടണച്ചു കൊണ്ട് രാമു സ്വയം പറഞ്ഞു.ഇതെന്റെ അമ്മയുടെ സ്വപ്നങ്ങളിലെവിടേയോ ബാക്കിയുള്ള ഒരു ലോകമാണ്. മുറ്റത്തോട് ചേര്‍ന്ന് ഒരു കുഴിയെടുത്ത് രാമു വേപ്പിന്തൈ നട്ടു. “അതാണ് നല്ല സ്ഥലം” അമ്മ പറഞ്ഞു.”വേപ്പിന്റെ ഇലകളില്‍ തട്ടി വരുന്ന കാറ്റ് തട്ടിയാല്‍ ഒരു സൂക്കേടും വരില്ല.എല്ലാ ദിവസവും രാവിലെ രാമു അതിനെ ചെന്നു നോക്കും;മഴയാണെങ്കിലും ഒരു തുള്ളി വെള്ളം കുഞ്ഞിലകളിലേക്ക് കുടഞ്ഞ് തെറിപ്പിക്കും.താനിവിടെയുണ്ടെന്നതിനോട് പറയുന്നത് പോലെ. വേപ്പിന്‍ പുതിയ ഇല വിരിഞ്ഞ ദിവസം അവന്‍ ഡയറിയിലെഴുതി “അവന്‍ എന്നെ നോക്കി ചിരിക്കുന്നു” കര്‍ക്കിടകം കറുത്ത് നിന്ന ദിവസങ്ങളില്‍ അവന്‍ വേപ്പ്മരത്തോട് സ്വകാര്യം പറഞ്ഞു. പേടിക്കേണ്ട കേട്ടൊ;ഈ മഴ വേഗം മാറും.പിന്നെ വെയിള്‍ വരും .ഓണം വരും അപ്പോള്‍ നമുക്കൊരുമിച്ച് പൂക്കളം ഒരുക്കമല്ലൊ.കാര്യം മനസ്സിലായതു പോലെ വേപ്പ് നനഞ്ഞ ചില്ലകളാട്ടി സമ്മതമറിയിച്ചു. മഴക്കാലം കഴിയ്മ്പോഴേക്കും ആ വേപ്പ് ചെടി അവന്റെ മുട്ടോളം വളര്‍ന്നിരുന്നു. “അവന്‍ ഒരു സുന്ദരനാണ്”.രാമു ഡയറിയിലെഴുതി. “ഇലകള്‍ക്ക് തിളങ്ങുന്ന പച്ച നിറം.മെലിഞ്ഞതെങ്കിലും കരുത്തുള്ള ഉടല്‍.ഒരു ദിവസം ഇവന്‍ ഈ വീടിനോളം വലുതാവും.അന്ന് ആ തണല്‍ നല്‍കുന്ന തണുപ്പില്‍ എന്റെ ഉച്ചകള്‍സ്വപ്നങ്ങള്‍ കൊണ്ട് നിറയും” മഴക്കാലത്തിനു യാത്രയയപ്പ് നല്‍കാന്‍ മഞ്ഞിന്‍ പാളികള്‍ ആട്ടിന്‍പറ്റങ്ങളെപ്പോലെ ചക്രവാളമിറങ്ങി വന്നു.രാമു മുടങ്ങാതെ വേപ്പിന് വെള്ളം കോരി. വേനല്‍ തുടങ്ങിയപ്പോള്‍ രണ്ട്മൂന്നിലകള്‍ കൊഴിഞ്ഞു,പകരം ഒരു പാട് പുതിയ ഇലകള്‍വന്നു.രാമുവിന് സന്തോഷമായി. പക്ഷേ ആ ചെറിയ കോളനിയിലെ കൊച്ചു മനുഷ്യരുടെ ജീവിതത്തിന് മുകളിലേക്ക് ഒരു നിഴല്‍ വളരാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു.അഛനും അയല്‍ക്കാരും ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ആദ്യമൊന്നും രാമുവിന് മനസ്സിലായില്ല. ഒടുവില്‍ അമ്മയാണ്‍ അവനോടത് പറഞ്ഞത്. “നമുക്കീ വീടൊഴിഞ്ഞ് പോവേണ്ടി വരും മോനേ” പോവ്വേ? നമ്മളെങ്ങോട്ട് പോവും അമ്മേ? അതമ്മക്കുമറിയില്ല. അതേ ചോദ്യം അമ്മ അയല്‍ക്കാരോട് ചോദിച്ചു.അവര്‍ക്കുമറിയില്ല പക്ഷേ പോവേണ്ടി വരുമെന്ന കാര്യം എല്ലവര്‍ക്കും തീര്‍ച്ചയായിരുന്നു.കടലിനക്കരെ നിന്നും വലിയ കമ്പനിക്കാര്‍ വരുന്നു അവരിവിടെ വ്യവസായം തുടങ്ങും.ഒരു വ്യവസ്ഥ മാത്രം.കമ്പനിക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ കൊടുക്കണം.അവിടേക്ക് റോഡുണ്ടാക്കാനും സ്ഥലം വേണം അതിനാണ് ഇപ്പോള്‍ കോളനിയിലുള്ളവരേ ഒഴിപ്പിക്കുന്നത്. വലിയ കമ്പനി വന്നാല്‍ നമുക്കൊക്കെ അവിടെ ജോലി കിട്ടുമോ?അഛന്‍ ആരോടൊക്കേയോ ചോദിച്ചു. അതിന് വലിയ പഠിത്തം വേണം.അങ്ങനെയാണത്രെ ആളുകള്‍ പറയുന്നത്. “നമുക്ക് ഭൂമി തരുമായിരിക്കും”അഛന്‍ അമ്മയെ ആശ്വസിപ്പിച്ചു. “എവിടായിരിക്കും”?അമ്മചോദിച്ചു.“അതറിയില്ല”അഛന്‍ നിസ്സംഗനായി മറുപടി നല്‍കി. “ചിലപ്പോള്‍ കടപ്പുറത്തായിരിക്കും” അതു കേട്ടപ്പോള്‍ രാമുവിന് പരിഭ്രമമായി.കടക്കരയിലെ ഉപ്പു കാറ്റ് ആ വേപ്പ് മരത്തെ കൊന്ന് കളഞ്ഞാലോ? നീ പേടീക്കേണ്ട .രാമു അതിനോട് പറഞ്ഞു.എവിടേയോ ജനിച്ച നീ ഇവിടെ എത്തിയില്ലേ.ഇനി നമ്മള്‍ ഒരു പുതിയ വീട്ടിലേക്ക് പോവും അവിടേയും ഞാന്‍ നിന്നെ പൊന്ന് പോലെ നോക്കും. ദിവസങ്ങള്‍ കടന്ന് പോയി; കാര്യങ്ങള്‍ ഒരു തീരുമാനത്തിലും എത്തിയില്ല.എല്ലാവര്‍ക്കും ആധിയും സംശയങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഒരു ദിവസം കോട്ടും സൂട്ടുമിട്ട ഉദ്യോഗസ്ഥ്ന്മാര്‍ കോളനിയിലെത്തി. സ്വന്തം പേരില്‍ ഭൂമിയുള്ളവര്‍ക്കെല്ലാം നാളെ പുതിയ സ്ഥലം കിട്ടും. അവര്‍ അറിയിച്ചു. അഛന്‍ വച്ചു നീട്ടിയ കടലാസുകള്‍ നോക്കി അവരിലൊരാള്‍ ലേശം പരിഹാസത്തോടെ പറഞ്ഞു.“ ഈ ഭൂമി നിങ്ങളുടേതാണെന്ന് ആര് പറഞ്ഞു?ഇത് സര്‍ക്കാര്‍ ഭൂമിയാണ്”. തലയില്‍ ഇടി വീണതു പോലെ അഛന്‍ മണ്ണില്‍ തളര്‍ന്നിരുന്നു. “അപ്പോള്‍ ഞങ്ങള്‍ക്ക്.....”അഛന്‍ വിറക്കുന്ന സ്വരത്തിലാണ് ചോദിച്ചത്. ഇല്ല;നിങ്ങള്‍ക്ക് ഭൂമി കിട്ടില്ല. അയാള്‍ തീര്‍ത്തു പറഞ്ഞു.ഈ വീടിന് ഞങ്ങളൊരു വില നിശ്ചയിക്കും.അത് വാങ്ങി നിങ്ങള്‍ ഇവിടെ നിന്നൊഴിയണം. “ഇല്ലെങ്കില്‍.....”അഛന്‍ അത് ചോദിച്ചത് വല്ലതെ കനത്ത സ്വരത്തിലായിരുന്നു. ഒഴിഞ്ഞില്ലെങ്കില്‍ അവര്‍ ഒഴിപ്പിക്കും.റോഡിനപ്പുറം നില്‍ക്കുന്ന പോലീസുകാരെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. “ഇല്ലാ;പകരം ഭൂമി കിട്ടാതെ ആര് വന്നാലും ഞങ്ങള്‍ ഒഴിഞ്ഞു തരില്ല.” അഛന്‍ കാലടികള്‍ അമര്‍ത്തിച്ചവിട്ടി വരാന്തയിലേക്ക് നടന്നു കയറി. അമ്മയും രാമുവും അദ്ദേഹത്തെ പിന്തുടര്‍ന്നു. രാമു അഛന്റെ കണ്ണുകളിലേക്ക് നോക്കി.അവിടെ കനലെരിയുന്നതവന്‍ കണ്ടു. “അഛാ”അവന്‍ പതുക്കെ വിളിച്ചു. “ഈ ഭൂമി സര്‍ക്കാറിന്റേത് ആണെങ്കില്‍ നമ്മുടീതും കൂടിയല്ലേ.സര്‍ക്കാര്‍ നമ്മുടേത് ആണെന്ന് ഞ്ങ്ങടെ ടീച്ചര്‍ പറയാറുണ്ടല്ലൊ” അഛന്‍ അവനെ ചേര്‍ത്തു പിടിച്ചു.വിറക്കുന്ന ചുണ്ടുകള്‍ കൊണ്ട് മൂര്‍ധാവില്‍ ഉമ്മ വച്ചു. “നമുക്ക് ഒന്നുമില്ലെടാ മോനേ,ഒന്നുമില്ല.ഭൂമീമില്ല ആകാശോം ഇല്ല.” നമുക്ക് തിരിച്ചു പോവാം.അമ്മ പറഞ്ഞു.നമ്മടെ നാട്ടിലേക്ക്. “ഇല്ല അഛന്‍ തീര്‍ത്തു പറഞ്ഞു.അവിടെയും നമുക്കൊരു പിടി മണ്ണില്ലല്ലോ,സ്വന്തമെന്നു കരുതിയ ഈമണ്ണില്‍ കിടന്ന് നമുക്ക് ചാവാം” രാമു മുറ്റത്തിറങ്ങി.സാവധാനം വേപ്പിന്‍ തൈ പറിച്ച് കുപ്പയത്തിനുള്ളില്‍ നെഞ്ചോട് ചേര്‍ത്ത് വച്ചു.ഇല്ല നിന്നെ ഞാനാര്‍ക്കും കൊടുക്കില്ല.സര്‍ക്കാരിനും,കമ്പനിക്കാര്‍ക്കും ആര്‍ക്കും കൊടുക്കില്ല. നിനച്ചിരിക്കാത്ത നേരത്താണ് യന്ത്രങ്ങള്‍ വീട്ടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.നീളന്‍ കഴുത്തുകളുള്ള ലോഹ വ്യാളികള്‍. അവര്‍ ചുമരില്‍ ആഞ്ഞു കുത്തിയപ്പോള്‍ ഉത്തരവും ഓടുകളും ഉതിര്‍ന്നു വീണു.അമ്മ ഉറക്കെ നിലവിളിച്ചു. നെഞ്ചോട് ചേര്‍ന്നിരുന്ന വേപ്പിന്‍ തൈ രാമുവിനോട് ദയനീയമായി ചോദിച്ചു.ഇനി ഞാന്‍ എവീ‍ടെ വളരും? അകലെയിരുന്ന് ഭരണാധികാരി പറഞ്ഞു. വികസനം വരാന്‍ എല്ലാവരും ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും.

Friday, October 10, 2008

സ്ലേറ്റിന് ഒരു ചരമ ഗീതം

ഈയിടെ ഒരു ഉത്തരേന്ത്യന്‍ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചതുരാകൃതിയില്‍ മുറിച്ച സ്ലേറ്റ് പലകകള്‍ മേഞ്ഞകൊച്ചു,കൊച്ചു വീടുകള്‍ കണ്ടു. ആ കാഴ്ച എന്നെ,ചായയില്‍ മുക്കിയ കേക്ക് കഷണം പ്രൂസ്റ്റിനെ ഓര്‍മ്മകളുടേ മഹാ പ്രവാഹത്തിലേക്ക് തള്ളിയിട്ട പോലെ എന്നൊന്നും പറയാന്‍പറ്റില്ലെങ്കിലും എന്നെയും ഓര്‍മ്മകളിലൂടെ കുറേ പിന്നോട്ട് നടത്തി.കാരണം സ്ലേറ്റ് എന്ന ആ കറുത്ത കല്ല് അറിവിലേക്കും അക്ഷരങ്ങളിലേക്കും എന്നെ നയിച്ച മാന്ത്രിക ഫലകമാണ് അഛനാണ് ആദ്യമായി ഒരു സ്ലേറ്റ് എനിക്ക് സമ്മനിച്ചത്.എഴുത്തിനിരുത്തിയതിന് തൊട്ടടുത്ത ദിവസം.ഒരു ഉറച്ച കോണ്‍ഗ്രസ്സ്കാരനും(അമ്പതുകളിലെ കോണ്‍ഗ്രസ്സ്)
ഖദര്‍ധാരിയുമായ അഛന്‍ എല്ലാ കാര്യത്തിലും ഒരു ഗാന്ധിയന്‍ യുക്തിബോധവും ലാളിത്യവും പ്രടിപ്പിച്ചിരുന്നു.അതിനാലവണം നവരാത്രിക്ക് പകരം ഒരു വിഷു ദിവസമാണ് എന്നെ എഴുത്തിനിരുത്തിയത് സ്ലേറ്റിനെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്.ഒരു കൊച്ച് കറുത്ത പലക.അതിന് മുരിക്ക് പോലെ കനം കുറഞ്ഞ മരത്തിലൊരു ഫ്രെയിം.തകരച്ചീളുകളും മുള്ളാണികളുമുപയോഗിച്ച് അവ നാലു മൂലകളിലും ഉറപ്പിച്ചിരിക്കും.അതാണ് സ്ലേറ്റിന്റെചട്ട കല്ലുകൊണ്ട് നിര്‍മ്മിച്ച സ്ലേറ്റ് പെന്‍സിലുകള്‍ക്കുമുണ്ടാവും നിറമുള്ള കടലാസിനാലൊരു അലങ്കാരം.ഒരു മുക്കാലായിരുന്നു അന്ന് ഒരു പെന്‍സിലിനു വില.പിന്നീടത് അഞ്ചു പൈസ വരെയായി.ഇന്ന് കുട്ടികള്‍ക്ക് അഞ്ച് പൈസയുമറിയിയില്ല,കല്ലു പെന്‍സിലുമറിയില്ല. സ്കൂള്‍ തുറക്കുന്ന സമയത്ത് എല്ലാ സ്റ്റേഷനറിക്കടകളിലും പുത്തന്‍ സ്ലേറ്റുകളുടെ വലിയ അട്ടികള്‍ കൌതുകമുണര്‍ത്തുന്ന കാഴ്ച തന്നെയായിരുന്നുചട്ടിയില്‍ ചുണ്ണാമ്പ് കൊണ്ട് വരക്കുറിയും തൊട്ട് കുഞ്ഞിക്കൈകളേയും കാത്തിരിക്കുന്ന സുന്ദരന്മ്മാര്‍.
എല്ലാദിവസവും സ്ലേറ്റില്‍ നിറയെ എഴുതിക്കൊണ്ടുപോവണം അത് നിര്‍ബ്ബ്ന്ധമാണ് ഒരുപുറത്ത് മലയാളം പാഠാവലിയും മറുവശത്ത് ഗണിതവും.ഇരുവശവും നിറയെ എഴിതിയത് ഒരക്ഷരവും മായാതെ സ്കൂളിലെത്തിക്കുന്നതും ഒരു മിടുക്കാണ് നിരന്തര മൂല്യനിര്‍ണ്ണയം അന്നും നടന്നിരുന്നു.അതാണ് കേട്ടെഴുത്തും മനക്കണക്കും.ഈ പരിപാടികള്‍ എല്ലാ ദിവസവും കാണും.സ്ലേറ്റ്ചട്ടക്കാണ് ഇതിനിള്ള മാര്‍ക്ക് കിട്ടുന്നത്.ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സ്കോര്‍.ചോക്ക് കൊണ്ടുള്ള വെളുത്ത വരകള്‍ വൈകുന്നേരം വരെ മായാതെ സൂക്ഷിക്കണം.അഛനേയും അമ്മയേയും കാണിക്കണം.മാര്‍ക്ക് കുറഞ്ഞ ചില കുറുമ്പന്മാര്‍ അധികം കിട്ടിയവരുടെ ചട്ടകളിലെ വരകള്‍ മായ്ച് കളയും അവരേയും സൂക്ഷിക്കണം.
സൂക്ഷ്മതയുടെ ഒരു പാഠവും കൂടി സ്ലേറ്റുകള്‍ നല്‍കിയിരുന്നു ശ്രദ്ധിച്ച് കൈകാര്യം ചേയ്തില്ലെങ്കില്‍ എളുപ്പം ഉടഞ്ഞു പോവും.ഇന്നത്തെപ്പോലെ കുട്ടികള്‍ക്ക് വലിയ പ്രാധാന്യമൊന്നും അന്ന് വീടുകളിലില്ലായിരുന്നു.അതിനാല്‍ ഒരു സ്ലേറ്റ് പൊട്ടിയാല്‍ മറ്റൊന്ന് കിട്ടുക അത്ര എളുപ്പമല്ല.മൂല പോയതും നെടുകെയും കുറുകെയും വര വീണതും പാതിയുടഞ്ഞതും....അങ്ങനെ പലതരം സ്ലേറ്റുകള്‍ ക്ലാസ്സില്‍ സുലഭം.പെന്‍സിലിനും അതേ ഗതി തന്നെ,തേഞ്ഞ് കുറ്റിയാവുന്നത് വരെ എഴുതണം.അങ്ങനെ സ്ലേറ്റ് ഞങ്ങളെ മിതവ്യയവും സൂക്ഷ്മതയുമെല്ലാം പഠിപ്പിച്ചു. വിരോധമുള്ളവന് തലയില്‍ ചട്ടവച്ച് കിഴുക്കാം .കൂട്ടുകാരന് അല്‍പ്പം ചെരിച്ച് പിടിച്ചാല്‍ കണക്കിന്റെ ഉത്തരം കാണിച്ചു കൊടുക്കാം.അങ്ങനെ ഞങ്ങളുടെ തലമുറ സ്നേഹവും വൈരാഗ്യവുമെല്ലാം സ്ലേറ്റിലൂടെ പങ്കു വച്ചു.
കവിതയും കണക്കും ചരിത്രവും ചിത്രകലയുമെല്ലാം സ്ലേറ്റിലൂടെ പഠിച്ചു.തുലാവര്‍ഷകാലത്ത് വൈകുന്നേരങ്ങളില്‍ സ്ലേറ്റ് ചിലപ്പോള്‍ കുടയായും മാറി. കാലം മാറി പ്ലാസ്റ്റിക് സ്ലേറ്റുകള്‍ വന്നപ്പോള്‍ കല്ല് സ്ലേറ്റ് ആര്‍ക്കും വേണ്ടാതായി.എല്‍.കെ.ജി. മുതല്‍ നോട്ടുപുസ്തകത്തിലെഴുതുന്ന കുട്ടികള്‍ക്ക് സ്ലേറ്റ് വെറുമൊരു കളിക്കോപ്പ് മാത്രം
പാഠ്യപദ്ധതികള്‍ പിന്നെയും പലവട്ടം മാറി.ഇന്ന് എല്ലാ പഠനവും പ്രശ്നാധിഷ്ഠിതമാണ്. കേരള സമൂഹം നേരിടുന്ന എട്ടു പ്രധാന പ്രശ്നങ്ങളും പേറി ഒരു അഷ്ടാവക്രനായി നില്‍ക്കുകയാണ് സ്കൂള്‍ കരിക്കുലം,അതില്‍ ഏറ്റവും പ്രധാനമാണ് പാരിസ്ഥിതികസൌഹൃദം.എന്നിട്ടും നമ്മള്‍ സ്ലേറ്റിനെ പടിക്ക് പുറത്താക്കിയിരിക്കുന്നു. ഈയിടെ ഒരു ദിവസം ഗൃഹാതുരത്വം നല്‍കിയ ഊര്‍ജ്ജവുമായി ഞങ്ങളുടെ പട്ടണത്തിലെ പല കടകളിലും ഒരു സ്ലേറ്റ് തേടി നടന്നു.എല്ലയിടത്തുമുണ്ടായിരുന്നു,കടലാസ് പോലെ കനം കുറഞ്ഞ സെല്ലോഫേന്‍ പൊതിഞ്ഞ ആ കറുത്ത വസ്തു.ഇതല്ലല്ലോ ഞാന്‍ തേടിയത്.ഇതുപയോഗിച്ച് ചെങ്ങാതിയുടെ തലയ്ക്ക് കിഴുക്കാന്‍ പറ്റുമോ?മഴയത്ത് ചൂടാന്‍ പറ്റുമോ?
ആരാണ് എനിക്ക് തരിക,മുള്ളാണിയിട്ടുറപ്പിച്ച മരച്ചട്ടയുള്ളൊരു കൊച്ച് സ്ലേറ്റ്?പിന്നെ ഇല മുളച്ചിയുടെ ഒരു കൊച്ചിലയും. ഞാനത് ചെടിച്ചട്ടിയില്‍ വളര്‍ത്തിക്കൊള്ളാം

Saturday, October 4, 2008

ഗുല്‍മോഹര്‍ വിരിഞ്ഞപ്പോള്‍

ജയരാജിന്റെ ഗുല്‍മോഹര്‍ തികച്ചും വേറിട്ട ഒരു സിനിമാനുഭവമായി.വര്‍ണ്ണശബളമായ ഉടയാടകളിഞ്ഞ് ആടിപ്പടുന്ന താരങ്ങളില്ലാത്ത ഒരു സിനിമ തന്നവര്‍ക്ക് നന്ദി.അതിനപ്പുറം ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ.ഇതെല്ലാം ഈമണ്ണില്‍ സംഭവിച്ചതാണ്.അനീതിയുടെ നേരെയുയര്‍ന്ന ചൂണ്ടുവിരലുകള്‍ അറുത്തു മാറ്റപ്പെട്ടപ്പോള്‍ മണ്ണിലുറ്റിവീണ ചോരത്തുള്ളികള്‍ സൃഷ്ടിച്ച കറുത്ത പാടുകള്‍ ഒത്തുതീര്‍പ്പുകളുടെ പട്ടുകംബളത്താല്‍ നാം പൊതിഞ്ഞു വെച്ചു.ജയരാജും ദീദിയും ചേര്‍ന്ന് അവയില്‍ ചിലതെല്ലാം വലിച്ചു മാറ്റിയിരിക്കുന്നു.
എന്നെപ്പോലുള്ളവര്‍ക്ക്,അതായത് അന്‍പതുകളിലെത്തി നില്‍ക്കുന്നവര്‍ക്ക് ഗൃഹാതുരത്വം നിറഞ്ഞ വേദന കൂടിയാണ് ഈ പടം.
ആരുടെ കാലില്‍ തറിക്കുന്നമുള്ളും എന്നാത്മാവിനെ കുത്തിനോവിക്കുന്നു.....എന്ന കവിവാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഇന്ദുചൂടനില്‍ ഞങ്ങളുടെ തലമുറയിലെ പലരുടേയും ആത്മാംശം കാണാം .പ്രക്ഷുബ്ധമായ ആ കലാലയദിനങ്ങള്‍ ഇന്നത്തെ കുട്ടികളുടെ സങ്കല്‍പ്പത്തിനുമപ്പുറമാണ്.
എനിക്കു തോന്നുന്നു വ്യക്തികളെപ്പോലെതന്നെ ദേശങ്ങള്‍ക്കും ഒരു യൌവനകാലമുണ്ട്.പ്രണയവും വിപ്ലവവും നിറഞ്ഞ കാലം.കേരളത്തിനും ആകാലംകഴിഞ്ഞുപോയിരിക്കുന്നു.പ്രതികരിക്കാന്‍ അറച്ചു നില്‍ക്കുന്ന മധ്യ വയസ്സിലാണ് കേരളമിപ്പോള്‍.ആത്മാവില്‍ എന്നോ അണഞ്ഞുപോയ അരണിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.
എല്ലാ പരാജയപ്പെട്ട വിപ്ലവങ്ങളുടെ പിന്നിലും ചില ദുരന്ത പ്രണയകഥകളുണ്ടാവും. ഇതിലുമങ്ങനെയൊരെണ്ണമുണ്ട്.
പൂത്ത ഗുല്‍മോഹറിന്‍ ചോട്ടില്‍ ഋതുഭേദങ്ങള്‍ മറന്ന് കാത്തിരിക്കുന്ന പെണ്‍കുട്ടി.അങ്ങനെയൊരുവളാകാന്‍ കൊതിക്കാത്ത അങ്ങനെയൊരുത്തിയെ സ്വപ്നം കാണാത്ത യൌവനങ്ങള്‍ ഞങ്ങളുടെ തലമുറയില്‍ ആരുമുണ്ടാവില്ല. ഇന്ന് ഇഷ്ടഗാനം ഇഷ്ടം തോന്നുന്നവര്‍ക്കെല്ലാം
ഡെഡിക്കേറ്റ് ചെയ്യുന്നവര്‍ക്ക് സ്വപ്നങ്ങള്‍ ആവശ്യമില്ലല്ലോ.
രഞ്ജിത്ത് ഇന്ദുചൂടനായപ്പോള്‍........സോറി അവിടെ രഞ്ജിത്തില്ല.....ഇന്ദുചൂടന്‍ മാത്രം
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്കെല്ലാം വേണ്ടീ നന്ദി പറയട്ടെ......ജയരാജിനോടുംമറ്റെല്ലാവരോടും

Wednesday, June 25, 2008

വിവാaദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍

. ഏഴാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പുസ്തകം വിവാദങ്ങള്‍ക്കിടയിലാളിക്കത്തുകയാണല്ലൊ.മതത്തെച്ചൊല്ലിയാണീബഹളങ്ങെന്നോര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്.എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്രശ്നം ഈ പുസ്തകത്തിന്റെ ലഘുത്വവും അവതരണത്തിലെ അമിത ലളിതവല്‍ക്കരണവുമാണ്. ഒരു പാഠം ഉപയോഗിച്ച് തകര്‍ക്കാവുന്നതല്ല സഹസ്രാബ്ദങ്ങള്‍ രൂപപ്പെടുത്തിയ മതവും ഈശ്വരനും.എന്നാല്‍ നമ്മുടെ കുട്ടികള്‍ ഏഴാം ക്ലാസ്സില്‍ ഇത്രയും കാര്യങ്ങള്‍മാത്രം പഠിച്ചാല്‍ മതിയോ എന്നൊരു ചോദ്യം ആരും ഉയര്‍ത്താത് എന്ത് കൊണ്ട്?കുട്ടികള്‍ വിമര്‍ശിക്കുകയും വിലയിരുത്തുകയും സ്വയം കണ്ടെത്തുകയും വേണം.എന്നാല്‍ പാഠപുസ്തകങ്ങള്‍ കുറേ കാര്യങ്ങള്‍ കുട്ടികള്‍ക്ക് അങ്ങോട്ട് കൊടുക്കുകയും വേണം.അവിടെയാണ് ഈ പുസ്തകം പരാജയപ്പെടുന്നത്.എല്ലാ കുട്ടികളും ഇ ‌‌‌-ലോകവും റഫറന്‍സ് ലൈബ്രറികളും ഉപയോഗിക്കുന്നവരല്ല അവരുടെ പ്രധാന ആയുധം ഇപ്പോഴും പാഠപുസ്തകം തന്നെയാണ്.അത് അവ്യക്തവും അര്‍ധ സത്യങ്ങള്‍ നിറഞ്ഞവയുമായാല്‍ എന്ത് സംഭവിക്കും? ഒരു ഉദാഹരണം മാത്രം പറയാം.ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറയുന്നിടത്ത് ഝാന്‍സിറാണിയും താന്തിയാത്തോപ്പിയുമില്ല.ആകെ പറയുന്ന ഒരു പേര് മംഗള്‍പാണ്ടെയുടേത് മാത്രം.ഇതിന് മുന്‍പേ പറയേണ്ട പഴശ്ശിരാജാവും ടിപ്പുസുല്‍ത്താനും ഈ പുസ്തകത്തില്‍ വരുന്നില്ല. അസ്ഥാനത്ത് എടുത്തുചേര്‍ത്ത ഉദ്ദ്ധരണികളാണ് മറ്റൊരപകടം.നെഹറുവിന്റെ ഒസ്യത്തില്‍ നിന്നുള്ള ഭാഗം ഇതില്‍ ഒന്നു മാത്രം.ദേവകീ നിലയങ്ങോടിന്റെ മനോഹരമായ പുസ്തകത്തില്‍ നിന്നും എടുത്തുചേര്‍ത്ത വാചകവും ആപുസ്തകം വായിക്കാത്ത ആളുകളെ തെറ്റിദ്ദ്ധരിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് ഇതു പോരേ എന്ന് തോന്നുന്നവര്‍ ദയവ് ചെയ്ത് CBSEയുടെ ഏഴാം ക്ലാസ്സിലെ പുസ്തകങ്ങളൊന്ന് പരിശോധിക്കുക. ഇന്ന് കേട്ട ഏറ്റവും നല്ല തമാശ..... മകന്‍ പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലായിരുന്നു എന്ന് മന്ത്രി ബേബി. ഡല്‍ഹിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ കേരളാസിലബസ്സാണോ സാര്‍?

Sunday, May 25, 2008

.ഭാഷാവിലാപങ്ങള്‍. ...........................................................................

എസ് എസ് എല്‍ സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ പഠനനിലവാരത്തെക്കുറിച്ചോര്‍ത്ത് ചിലര്‍ കരയുകയും ചിലര്‍ ചിരിക്കുകയുംചെയ്തത് നമ്മള്‍ കണ്ടല്ലൊ.അംഗഭംഗം വന്ന ഭാഷാ പഠനത്തെച്ചൊല്ലി ആരും വിലപിക്കുന്നത് കേട്ടില്ല.വാസ്തവത്തില്‍ പുതിയ പാറ്ഠ്യപദ്ധതഭാഷയുടെ ലാവണ്യംശത്തെ പൂര്‍ണ്ണമായും നിരകരിച്ച് അതിനെ കേവലം ഒരു വിനിമയോപാധി മാത്രമാക്കി മാറ്റിയിരിക്കുകയാണ്.പരസ്യങ്ങളും നോട്ടീസുകളും തലവാചകങ്ങളും എഴുതാനാണ്കുട്ടികളെചെറിയ ക്ലാസ് മുതല്‍ പരിശീലിപ്പിക്കുന്നത്.ഷേക്സ്പിയര്‍ കൃതി പഠിച്ചു കഴിഞ്ഞാല്‍ കുട്ടിയോട് ചോദിക്കുന്നത് ഇങ്ങനെയാണ് നിങ്ങളുടെ നഗരത്തില്‍ ഒരു പുസ്തകശാലയില്‍ ഷേക്സ്പിയര്‍ കൃതികള്‍ 50ശതമാനം വില കുറച്ച് വില്‍ക്കുന്നു.ആ കടയ്ക്ക് യോജിച്ച ഒരു പരസ്യവാചകം എഴുതുക.ആശാന്‍ കവിത ക്ലാസ്സില്‍ പഠിക്കാനുണ്ടെങ്കില്‍ പരീക്ഷയ്ക്ക്ഇങ്ങനെ ചോദ്യം വരും ബോട്ടപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ലാസ്സില്‍ ഒരു സെമിനാര്‍ നടത്തിയെന്ന് കരുതുക അതിനെക്കുറിച്ച്പ്രാദേശിക പത്രത്തിന് ഒരു റിപ്പോര്‍ട്ട് തയാറാക്കുക ഇനിയുമുണ്ട്ഭാഷാ വിശേഷങ്ങള്‍.അത് അടുത്തതില്‍

Monday, May 12, 2008

അപ്പുക്കുട്ടന്‍ അങ്കലാപ്പില്‍

എട്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോഴാണ് അപ്പുക്കുട്ടന്സ്വന്തം വില മനസ്സിലായത്.ആരൊക്കെയാണ്‍ ഇപ്പൊള്‍ അവനെത്തേടിവരുന്നത്?എത്ര ചൊക്ക്ലേറ്റുകളാണ് കൊണ്ടുവരുന്നത്?പിന്നെ വാഗ്ദാനങ്ങളുടെ ഒരു പെരുമഴയാണ്. യുനിഫോം,അത് തൈയ്ക്കാനുള്ള കൂലി,കുട,ബുക്ക് പിന്നെ സൌജന്യ ബസ്സ് യാത്ര അങ്ങനെ ഒരുപാടൊരുപാട്..... ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലൊ അപ്പുക്കുട്ടനെ കാണാന്‍ വരുന്നവര്‍ ആരാണെന്ന്?സംശയിക്കേണ്ട,അവര്‍ തന്നെ.അടുത്തും അകലെയുമുള്ളാ ഹൈസ്കൂള്‍ അധ്യാപകര്‍.എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ അപ്പുക്കുട്ടന്‍ എട്ടാം ക്ലാസ്സില്‍ അവരുടെ സ്കൂളില്‍ ചേരണം. ഞങ്ങള്‍ ദിവസവും സാമ്പാറും ചോറുമാണ് ചേച്ചീ കൊടുക്കുന്നത്.ആദ്യം വന്നവര്‍ അപ്പുവിന്റെ അമ്മയോട് പറഞ്ഞു.കഞ്ഞിയും പയറുമൊന്നുമല്ല. “ഞങ്ങള്‍ ഒന്നാലോചിക്കട്ടെ”അപ്പുവിന്റെ അമ്മ പറഞ്ഞു. “ചേച്ചീ അയാളുടെ സ്വരം ദയനീയമായിരുന്നു. “കഴിഞ്ഞ വര്‍ഷം മൂന്ന് കുട്ടികളുടെ കുറവ് കാരണം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ് ജോലി പോയത്.ഞങ്ങളോട് ഇത്തിരി ദയ കാണിക്കണം. തൊഴുത് നില്‍ക്കുന്ന ഗുരു നാഥന്മാരെ നോക്കിനില്‍ക്കെ അപ്പുവിന് മനസ്സില്‍ ദയ നിറഞ്ഞു.“വരാം മാഷെ”അവന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അടുത്ത ദിവസം വന്നവര്‍ ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്തപ്പോള്‍ അപ്പുവിന്റെ മനസ്സ് ചഞ്ചലമായി.പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി.ചില ഡിമാന്‍ഡുകള്‍ അങ്ങോട്ടും വച്ചാലോ? “മാഷേ ഞാന്‍ എല്ലാദിവസോം വരില്ല കേട്ടോ” വേണ്ട.മാഷ് വേഗം സമ്മതിച്ചു.പക്ഷേ തലയെണ്ണാന്‍ വരുന്ന ദിവസം മറക്കാതെ വരണം ഏറ്റു.അപ്പുക്കുട്ടന്‍ ഉദാര മനസ്കനായി. പിന്നെ,ചിലപ്പോഴൊക്കെ ഞാന്‍ സമരം ചെയ്യുംആയ്ക്കൊട്ടെ.മാഷ്ക്ക് ഒരുവിരോധവും ഇല്ല.മുദ്രാവാക്യം ഞനെഴുതിത്തരാം.കേട്ടു നിന്ന അപ്പുവിന്റെ അമ്മയ്ക്ക് സഹിച്ചില്ല “എന്തൊക്കെയാ മാഷേ നിങ്ങളീ പറേണത്?നിങ്ങളൊരു മാഷ് തന്നാണോ?”അമ്മയുടെ മുഖത്തേക്ക് നോക്കിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചേച്ചീ ഭാര്യയും ഒരു കുട്ടിയുമുള്ളവനാണ് ഞാന്‍.കുട്ടികള്‍ കുറഞ്ഞത് കാരണം ഒരു വര്‍ഷമായി ശമ്പളമില്ലാതിരിക്കയാണ്.എവിടെയൊക്കെ കടമുണ്ടെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.അപ്പു എന്ത് പറഞാലും ഞാന്‍ സമ്മതിക്കും, അവനെ ഈവര്‍ഷം ഞാന്‍ കൊണ്ടുപോവും. അന്ന് വൈകുന്നേരം കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ നിന്ന് അപ്പുക്കുട്ടന്‍ ഉള്ളുരുകി പ്രാത്ഥിച്ചു. ഭഗവാനേ ഒരേ സമയത്ത് ഇവരുടെയൊക്കെ സ്കൂളില്‍ പ്രത്യക്ഷപ്പെടാനുള്ള കഴിവെനിക്ക് തരൂ.....

Monday, April 14, 2008

.വിഷുപ്പക്ഷി എവിടെ?

ചാനലുകളും പത്രങ്ങളും കണിക്കൊന്നയെക്കുറിച്ചൂംവിഷുക്കണിയെക്കുറിച്ചുംവാചാലമാവുന്നു..പാവം വിഷുപ്പക്ഷിയെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തന്തെന്താണ്?കാര്‍ഷികകേരളത്തെക്കുറിച്ച് നല്ല ധാരണയുള്ളതു കൊണ്ടായിരിക്കും അതിപ്പോള്‍ വിത്തും കൈക്കോട്ടും എന്ന് പാടാത്തത്.ആരെങ്കിലും ഈവര്‍ഷം അതിനെ കണ്ടോ?
വിളവിറക്കാത്ത വയലുകളില്‍ മണിമന്ദിരങ്ങളുയരുന്നതും നോക്കി അതെവിടെയെങ്കിലും വിഷാദമൂകനായി കഴിയുന്നുണ്ടാവും.ചുവന്ന വിവരങ്ങളുടെ
പുസ്തകത്താളുകളിലേക്കോ ഇനി യാത്ര?
.

Thursday, April 10, 2008

ഡല്‍ഹി ഒരു സ്വപ്നം

ഒരു ദിവസം ഇന്‍ഡ്യയുടെ മാപ്പ് കാണിച്ച് ഒരു മിടുക്കന്‍ ചോദിച്ചു ടീച്ചറേ എവി ടെയാണ് ഡല്‍ഹി? തിരയാന്‍ തുടങ്ങിയിട്ടേറെയായീ നേരം.കണ്ടീലിതുവരെയെന്നവന്‍ ചൊല്‍കെയമ്പരന്നുപോയീ ഞാന്‍ എവിടെയാണു ഡല്‍ഹി? കത്തിവേഷങ്ങള്‍ കടിപിടി കൂടും മാര്‍ബിള്‍ കൊട്ടാരക്കെട്ടിലോ അധികാരസ്സുര നുകരാന്‍ വാ പൊളിച്ചാര്‍ക്കും നരച്ച കങ്കാളങ്ങള്‍ തന്‍ ശാപജന്മങ്ങളിലോ ഡോളറിനായി കഞ്ചുകമഴിക്കും മാദക സൌന്ദര്യ പൂരത്തിലോ ഉത്തരീയത്തോടൊപ്പമൂര്‍ന്നു വീണ പാര്‍ഷദിയുടെ മാനത്തിലോ വിശപ്പിന്നെലികള്‍ കരളും ജഠരപതാളത്തിലോ ഹേ റാം മന്ത്രത്തിന്‍ ധന്യതയിലുറങ്ങും മണല്‍ത്തരികളിലോ മഞ്ഞിന്‍ പാളികളില്‍ വീണുറഞ്ഞ മര്‍ത്യരക്തത്തിലോ വിഷം വിറ്റും കാശ് നേടും വൈശ്യ കൌടില്യങ്ങളിലോ നേര് വിതച്ച് നോവ് കൊയ്യും കറുത്ത പെണ്ണിന്നാകാശത്തെയപഹരിക്കും അഗ്നിബാണങ്ങളിലോ കരിമരുന്നരച്ച് കാലം കറുപ്പിക്കും ദ്രാവിഡസംഘപ്പെരുമയിലോ എവിടെയാണ് ഡല്‍ഹി? അറിയില്ലെങ്കിലുമുണ്ടെന്‍ സങ്കല്‍പ്പ ഭൂമികയിലൊരു ഡല്‍ഹി സങ്കടച്ചിതയെരിയാത്ത അനാഥജന്മങ്ങള്‍ പുറമ്പോക്കിലലയാത്ത പകയുടെ അമ്ലധാരയില്‍ മുകുളങ്ങള്‍ കരിയാത്ത ഡല്‍ഹി ഇതു ഞാനിവനു കൈമാറട്ടെ . ഞാനീക്കുട്ടികള്‍ക്കെന്നും കൈമാറിയതെന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നല്ലൊ അറിവുകളല്ലല്ലോ

Friday, April 4, 2008

പരീക്ഷാശേഷം

കണിക്കൊന്നകള്‍ പൂക്കും കാലം ടീച്ചര്‍ ബൂലോഗത്ത് തിരിച്ചെത്തിയിരിക്കുന്നു .ഈവര്‍ഷത്തെ എസ് എസ് എല്‍ സിപരീക്ഷകള്‍ സൂപ്പര്‍ ഈസി .കണക്കില്‍ ചൂദ്യം തെറ്റിയതിനാല്‍ എല്ലാവര്‍ക്കും എട്ട് മാര്‍ക്ക് ഫ്രീ. ഉപരി പഠനത്തിനു യോഗ്യത നേടാന്‍ എനി വേണ്ട്ത് 4 മാര്‍ക്ക് മാത്രം ഫലം വരുമ്പോള്‍ മന്ത്രി പറയും.കാര്യക്ഷ്മതാ വര്‍ഷത്തില്‍ നമ്മു ടെ ക്ലാസ്സ്മുറികളില്‍ അര്യഭട്ന്മാര്‍ പിറന്നിരിക്കുന്നു ഇതു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് പറയാന്‍ സാധ്യത യുള്ള മറുപദിയെന്തായിരിക്കും? ശരിയുത്തരം എഴുതി അയക്കുന്നവര്‍ക്ക് ടീച്ചറുടെ വക ഒരു ഉഗ്രന്‍ സമ്മാനം. എല്ലാവര്‍ക്കും വിഷു ആശംസകള്‍.

Tuesday, April 1, 2008

ടെസ്റ്റ്

ടെസ്റ്റ്....

Sunday, March 23, 2008

ഞാന്‍ കണ്ടെത്തിയ ബൂലോഗം

മട്ടന്നൂര്‍ ശിവപുരം ഹൈസ്കൂളിലെ പ്രധാന അധ്യാപികയായ ഞാന്‍ ഇത്രകാലവും കേട്ടു മാത്രം അറിഞ്ഞിട്ടുള്ള ബൂലോഗത്ത് ഒടുവില്‍ എത്തിച്ചേര്‍ന്നു. ഇതിനു എന്നെ സഹായിച്ചത് കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്പശാലയാണ്. ഇവിടെ കണ്ടെത്തിയ എല്ലാ പുതിയ ചങ്ങാതിമാര്‍ക്കും നന്ദി. ഇനി കണ്ണൂരിനെക്കുറിച്ചും കണ്ണൂരിലെ കണ്ണൂരിലെ കുട്ടികളെ കുറിച്ചും ഞാന്‍ എഴുതാം.